മാവേലിക്കര: മാവേലിക്കര നിയോജക മണ്ഡലത്തിൽ 28.93 കോടി ചലവഴിച്ച് നിർമിച്ച മൂന്ന് പദ്ധതികൾ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന് വൈകിട്ട് അഞ്ചിന് നാടിന് സമർപ്പിക്കും. കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ച 18 കോടിയുടെ പുതിയകാവ് - കറ്റാനം റോഡും നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ആറു കോടിയുടെ ളാഹ - ചുനക്കര റോഡും പൊതുമരാമത്ത് വകുപ്പിൽ നിന്നും 4.93 കോടി ചെലവഴിച്ച് പൂർത്തിയാക്കിയ മങ്കുഴി പാലവുമാണ് മന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. മങ്കുഴി പാലത്തിന് സമീപം നടക്കുന്ന ചടങ്ങിൽ എം.എസ്. അരുൺ കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

കൊടിക്കുന്നിൽ സുരേഷ് എം.പി , മുൻ എം.എൽ.എ. ആർ.രാജേഷ് എന്നിവർ മുഖ്യാതിഥികളാവും. മാവേലിക്കര നഗരസഭാദ്ധ്യക്ഷൻ കെ.വി.ശ്രീകുമാർ, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ, ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ, ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ എന്നിവർ പങ്കെടുക്കും. 1956 ൽ നിർമിച്ച മങ്കുഴി പാലം പൊളിച്ച് ആധുനിക രീതിയിലാണ് പുനർനിർമിച്ചത്. 18 മീറ്റർ നീളവും ഒമ്പത് മീറ്റർ വീതിയുമുള്ള പാലത്തിന്റെ ഇരുവശവും 300 മീറ്റർ അപ്രോച്ച് റോഡും ബി.എം ആൻഡ് ബിസി നിലവാരത്തിൽ നിർമിച്ചിട്ടുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയാണിത്.