ആലപ്പുഴ: വിവിധ റേഷൻ കടകളിൽ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. റേഷൻ കടകളിലെ സൗകര്യങ്ങളും ഭക്ഷ്യധാന്യങ്ങളുടെ വിതരണക്രമവും കളക്ടർ വിലയിരുത്തി. ബിൽഡിംഗ് സൗകര്യങ്ങൾ, ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, റേഷൻ ഗുണഭോക്താക്കൾക്കുള്ള ഇരിപ്പിടങ്ങൾ, കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ, ലൈസൻസിയുടെ വിവരങ്ങൾ, വിലവിവരം, റേഷൻ ബോധവത്ക്കരണ നോട്ടീസുകളുടെ പ്രദർശനം, അളവ് തൂക്ക ഇ -പോസ് മെഷീനുകളുടെ പ്രവർത്തനം എന്നിവയും പരിശോധിച്ചു.
സക്കറിയാ ബസാർ, വട്ടപ്പള്ളി, പറവൂർ എന്നിവിടങ്ങളിലെ റേഷൻ കടകളിലായിരുന്നു മുന്നറിയിപ്പില്ലാതെ സന്ദർശനം നടത്തിയത്. പരിശോധനയിൽ ജില്ല സപ്ലൈ ഓഫീസർ ടി.ഗാനാദേവി, റേഷനിംഗ് ഇൻസ്‌പെക്ടർ എം.ഇ.സിനിജ, ജില്ല പ്രോജക്ട് മാനേജർ കെ.എസ്.സരിത എന്നിവർ പങ്കെടുത്തു.