ഹരിപ്പാട്: പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ചെറുതന പഞ്ചായത്തിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. പഞ്ചായത്തിലെ ആയാപറമ്പ് ആയാപറമ്പ് പാണ്ടി എന്നീ പ്രദേശങ്ങളിലാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. പ്രളയ മുന്നറിയിപ്പുമായി അനൗൺസ്മെന്റ് വാഹനം എത്തിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. പിന്നാലെ ഫയർഫോഴ്സ്, പൊലീസ് വാഹനവും ആംബുലൻസുകളും ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. പ്രദേശത്തെ ജനങ്ങളെ ആയാപറമ്പ് സ്കൂളിന് സമീപത്തെ ദുരിതാശ്വാസ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. രാവിലെ 9നായിരുന്നു മുന്നറിയുപ്പായി അനൗൺസ്മെന്റ് വാഹനം എത്തിയത്. 9.30 ഓടെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. 125 പേരെയാണ് പ്രദേശത്തു നിന്നും മാറ്റിയത്. കിടപ്പുരോഗികൾ ആയിട്ടുള്ള വരെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കമാറ്റി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി താലൂക്ക് ഓഫീസിൽ തഹസിൽദാർ നേതൃത്വത്തിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു പ്രവർത്തിസിച്ചിരുന്നു. ആദ്യം ജനങ്ങൾ പരിഭ്രമിച്ചെങ്കിലും പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി ദുരന്ത നിവാരണ അതോറിട്ടി സംഘടിപ്പിച്ച മോക്ക് ഡ്രില്ലാണെന്നറിഞ്ഞപ്പോൾ ജനങ്ങൾ സഹകരിച്ചു. പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായിയാണ് മോക് ഡ്രിൽ സംഘടിപ്പിച്ചതെന്ന് കാർത്തികപ്പള്ളി തഹസിൽദാർ പി.എ.സജികുമാർ പറഞ്ഞു. റവന്യൂ, ദുരന്ത നിവാരണം, ഫയര്‍ ആൻഡ് റെസ്ക്യൂ, കെ.എസ്.ഇ.ബി ,ചെറുതന പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, കെ.എസ്.ആർ.ടി.സി , പൊലീസ് എന്നീ സർക്കാർ വിഭാഗങ്ങളും മോക്ക് ഡ്രില്ലിൽ പങ്കെടുത്തു.