 
# കൈനകരിയിലെ രണ്ടുവാർഡുകൾ വെള്ളത്തിലായിട്ട് ഒരു മാസത്തോളം
ആലപ്പുഴ: കൈനകരി കൃഷിഭവനു കീഴിലുള്ള 430 ഏക്കറോളം വരുന്ന തോട്ടുവാത്തല ഇരുമ്പനം പാടശേഖരത്തിൽ കഴിഞ്ഞ മൂന്നിനുണ്ടായ മടവീഴ്ചയെത്തുടർന്ന് വെള്ളപ്പൊക്കത്തിൽ നിന്ന് കരകയറാനാവാതെ ദുരിതത്തിൽ നീറുകയാണ് നാട്. കൈനകരി പഞ്ചായത്ത് 11, 12 വാർഡുകളിലെ 450ലധികം കുടുംബങ്ങളാണ് വെള്ളത്തിലായത്.
പുഞ്ചക്കൊയ്ത്തിനുള്ള ഒരുക്കത്തിനിടെയാണ് മടപൊട്ടിയത്.
സമീപത്തെ 100 ഏക്കർ പുത്തൻതുരം പാടത്തും വെള്ളം കയറി. വീടും പറമ്പും വെള്ളത്തിൽ മുങ്ങിയതിന് പുറമേ കുടിവെള്ളം പോലും കിട്ടാത്ത സ്ഥിതിയായതോടെ ഭൂരിഭാഗം കുടുംബങ്ങളും ബന്ധുവീടുകളിലും വാടകവീടുകളിലും അഭയം തേടി. പഞ്ചായത്ത് കുടിവെള്ള വിതരണം നടത്തുന്നുണ്ടെങ്കിലും ജനങ്ങളുടെ ദുരിതമൊഴിയുന്നില്ല. വെള്ളക്കെട്ടിൽ കക്കൂസ് ഉപയോഗിക്കാനാവുന്നില്ല. എല്ലാ വീടുകളിലെയും പറമ്പിലെ കൃഷികൾ പൂർണമായും നശിച്ചു. രണ്ട് പ്രളയത്തെ അതിജീവിച്ച വീടുകൾ ഒരുമാസത്തോളമായി വെള്ളക്കെട്ടിലാണ്. മടകുത്തി വെള്ളം വറ്റിക്കാൻ ഇനിയും ഒരുമാസമെങ്കിലും വേണ്ടിവരും. വെള്ളം ഇറങ്ങുന്നതോടെ മാത്രമേ,എത്ര വീടുകൾ വാസയോഗ്യമായി ശേഷിക്കുന്നുവെന്ന് വ്യക്തമാകൂ. റോഡിൽ വെള്ളം കയറിയതോടെ തോട്ടുവാത്തല ഒന്നാം പാലം മുതൽ രണ്ടാം പാലംവരെ യാത്രാദുരിതവും വർദ്ധിച്ചു.
പാടത്തിന് നടുവിൽ വെള്ളത്താൽ ചുറ്റപ്പെട്ട് കഴിയുന്ന കുടുംബങ്ങളുണ്ട്. ഇവർക്ക് പുറത്തിറങ്ങാൻ മാർഗങ്ങളില്ല. സ്ത്രീകളും കുട്ടികളും വീട്ടിൽ ഒറ്റപ്പെട്ടു. പുരുഷന്മാർ വള്ളത്തിൽ കയറി റോഡിലത്തും. ഒരുമാസമായി ഇതാണ് സ്ഥിതി.
# കുറ്റിയടിക്കൽ തുടങ്ങി
ജലസേചന വകുപ്പും പാടശേഖരസമിതിയുമാണ് മടവീഴ്ചയ്ക്കുള്ള പരിഹാര നടപടികൾ സ്വീകരിക്കേണ്ടത്. കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് പാടശേഖര സമിതിയുടെ മേൽനോട്ടത്തിൽ കുറ്റിയടിക്കൽ ആരംഭിച്ചു. ഇനി ചെളി നിറച്ച് ബണ്ട് ബലപ്പെട്ട് വരാൻ സമയമെടുക്കും. ഇതിന് ശേഷം പമ്പിംഗ് പുനരാരംഭിക്കുന്നതു വരെ ജനങ്ങളുടെ ദുരിതം നീളും. കുട്ടനാട് പാക്കേജിൽ നിർമ്മിച്ച പൈൽ ആൻഡ് സ്ലാബ് ഉൾപ്പടെയാണ് മടവീഴ്ചയിൽ തകർന്നത്.
# കുടിവെള്ളമില്ല
കൈനകരി പഞ്ചായത്തിലെ ശുദ്ധജല പൈപ്പ് ലൈനിൽ വെള്ളം മുടങ്ങുന്നത് പതിവാണ്. പുറത്തിറങ്ങാൻ പോലുമാകാതെ ഒറ്റപ്പെട്ട് കഴിയുന്ന കുടുംബങ്ങളെയാണ് ശുദ്ധജല ക്ഷാമം ഏറെ വലയ്ക്കുന്നത്. മഴ ദിവസങ്ങളിൽ മഴവെള്ളം സംഭരിച്ചാണ് പലരും ഉപയോഗിച്ചത്.
ഒരു മാസത്തോളമായി വെള്ളക്കെട്ടിലാണ്. ഇനി മടകുത്തി വെള്ളം വറ്റിച്ച് വരുമ്പോഴേക്കും രണ്ടാഴ്ചയിലധികം വേണ്ടിവരും. പ്രളയത്തെ അതിജീവിച്ച വീടുകൾ ഇത്ര നാൾ വെള്ളത്തിൽ മുങ്ങിക്കിടന്ന ശേഷം എത്രത്തോളം നിലനിൽക്കുമെന്ന് ആശങ്കയുണ്ട്
സജീവൻ, പ്രദേശവാസി
പുറമേ അറിയുന്നതിലും ഭീകരമാണ് കൈനകരിയിലെ ജനങ്ങളുടെ അവസ്ഥ. വെള്ളം കയറിയതോടെ ഗതാഗതം പോലും തടസപ്പെട്ടു
എ.പ്രമോദ്, കൈനകരി പഞ്ചായത്തംഗം