t

ആലപ്പുഴ: ശിക്കാരവള്ളത്തിൽ നിന്ന് കനാലിൽ വീണ നാല് വയസുകാരിയെ സ്രാങ്ക് രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 11.30ന് കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപമായിരുന്നു സംഭവം.

ബംഗളൂരു സ്വദേശിയായ രശ്മിക രക്ഷാകർത്താക്കളുടെ കയ്യിൽ നിന്നാണ് വെള്ളത്തിൽ വീണത്. ഇവരുടെ നിലവിളി കേട്ട് വള്ളത്തിലെ സ്രാങ്ക് ദിനുരാജ് കനാലിൽ ചാടി കുട്ടിയ രക്ഷിക്കുകയായിരുന്നെന്ന് ടൂറിസം പൊലീസ് പറഞ്ഞു. കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു ശുശ്രൂഷ നൽകി. കൈക്ക് പരിക്കേറ്റ കുട്ടിയും രക്ഷാപ്രവർത്തനത്തിനിടെ അസ്ഥിക്ക് പൊട്ടലുണ്ടായ ദിനുരാജും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞദിവസം ഹൗസ് ബോട്ട് മുങ്ങി ഒരാൾ മരിച്ചതിനെ തുടർന്ന് ഇന്നലെ ടൂറിസം പോലീസ് പുന്നമട കുരിശടി ഭാഗത്ത് രാവിലെ ഒരുമണിക്കൂർ നടത്തിയ പരിശോധനയിൽ യാതൊരു വിധ രേഖകളുമില്ലാതെ സർവീസ് നടത്തുന്ന ഹൗസ് ബോട്ട് ഉൾപ്പടെ 10 ബോട്ടുകൾ കണ്ടെത്തി. ഇവയ്ക്കെതിരെ നോർത്ത് പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് നൽകി.