# പാഴാവുന്നത് മണിക്കൂറുകളെന്ന് യാത്രക്കാർ

ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് ചങ്ങനാശേരിക്കോ, തിരിച്ചോ യാത്ര ചെയ്യേണ്ടവർ മങ്കൊമ്പ് സ്റ്റോപ്പിൽ മണിക്കൂറുകൾ ചെലവഴിക്കേണ്ട അവസ്ഥ. എ-സി റോഡ് പുനർനിർമ്മാണത്തിന്റെ ഭാഗമായാണ് ആലപ്പുഴ- ചങ്ങനാശേരി സർവീസ് നിറുത്തിവെച്ചത്.

മങ്കൊമ്പിൽ ഇറങ്ങി ബസ് മാറി കയറുന്നതാണ് ഇപ്പോഴത്തെ പോംവഴി. എന്നാൽ അടുത്ത ബസ് കാത്ത് മണിക്കൂറുകളോളം മങ്കൊമ്പിൽ നിൽക്കേണ്ടിവരുന്നത് മൂലം വലിയ സമയനഷ്ടമാണ് നേരിടുന്നതെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു. റോഡ് പണി പൂർത്തിയായിട്ടില്ലെങ്കിലും നിലവിൽ ബസ് സർവീസ് നടത്തുന്നതിന് തടസമില്ല. അതിനാൽ ആലപ്പുഴ - ചങ്ങനാശേരി നേരിട്ടുള്ള സർവീസ് പുനഃരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എടത്വ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് തായങ്കരി വഴിയും കുളങ്ങര വഴിയും ചങ്ങനാശേരിക്കും ആലപ്പുഴയ്ക്കും മുമ്പ് ധാരാളം സർവീസുകളുണ്ടായിരുന്നു. എന്നാൽ കൊവിഡിന് പിന്നാലെ ഇവ പരിമിതപ്പെടുത്തിയത് യാത്രാക്ലേശം വർദ്ധിപ്പിക്കുകയാണ്.

# നിവേദനം നൽകി

യാത്രാദുരിതത്തിന് അറുതി വരുത്താൻ ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് രാമങ്കരി പഞ്ചായത്ത് മുൻ പ്രസിഡന്റ് ജി.പ്രസാജചന്ദ്രൻ പിള്ള കളക്ടർക്ക് നിവേദനം നൽകി. മുമ്പ് കെ.എസ്.ആർ.ടി.സി എം.ഡിക്കും ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർക്കും നിവേദനം നൽകിയിരുന്നെങ്കിലും ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിൽ ഇടപെടാനാവില്ലെന്നാണ് മറുപടി ലഭിച്ചത്.

മങ്കൊമ്പിൽ ഇറങ്ങിയാൽ യഥാസമയം അടുത്ത ബസ് ലഭിക്കില്ല. ജോലിക്ക് പോകുന്നവരും രോഗികളും വലയുകയാണ്. കളക്ടർക്ക് സമർപ്പിച്ച നിവേദനം പരിശോധിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ജില്ലാ ട്രാൻസ്പോട്ട് ഓഫീസർക്ക് കൈമാറിയിട്ടുണ്ട്

ജി.പ്രസാജചന്ദ്രൻ പിള്ള, രാമങ്കരി പഞ്ചായത്ത് മുൻ പ്രസിഡന്റ്

ചങ്ങനാശേരി മുതൽ മങ്കൊമ്പ് വരെ ഒരു ബസ്, മങ്കൊമ്പ് മുതൽ ആലപ്പുഴ വരെ അടുത്ത ബസ്. ഇത്തരത്തിൽ സമയ നഷ്ടം വരുത്തുന്നതിന് പകരം ഒറ്റ സർവീസാക്കണം

കൃഷ്ണചന്ദ്രൻ, യാത്രക്കാരൻ