ചേർത്തല:എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന ജോസ് ജെ.ചാലങ്ങാടന്റെ പേരിൽ മുഹമ്മ നവജീവൻ ക്ലബ് ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരം ഷാജി മഞ്ജരിയുടെ ഉരഗങ്ങൾ എന്ന നോവലിന്.10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുന്നപ്ര- വയലാർ- മാരാരിക്കുളം സമരപശ്ചാത്തലത്തിൽ, മാരാരിക്കുളം, കഞ്ഞിക്കുഴി, മുഹമ്മ പ്രദേശങ്ങളുടെ 1840 മുതൽ 1940 വരെയുള്ള സാമൂഹിക,രാഷ്ട്രീയ,സാംസ്‌കാരിക ചരിത്രമാണ് ഇതിവൃത്തം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ച ചരിത്രവും ഉജ്വല സമരങ്ങളും ജന്മികുടിയാൻ വ്യവസ്ഥയും കയർ,കക്ക കർഷക,കൈത്തൊഴിൽ തൊഴിലാളികളുടെ ജീവിതവും നാടിന്റെ വിദ്യാഭ്യാസ പുരോഗതിയും നോവലിൽ അനാവൃതമാകുന്നു.ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ മലയാളം അദ്ധ്യാപകനായ ഷാജി മഞ്ജരിയുടെ ആറാമത്തെ പുസ്തകമാണിത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് അവാർഡ് സമ്മാനിച്ചു.