
ആലപ്പുഴ: പുതുവത്സരാഘോഷങ്ങൾക്ക് സുരക്ഷയൊരുക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 1500 പൊലീസുകാരെ വിന്യസിക്കും. അഡിഷണൽ എസ്.പി എസ്.ഡി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ആറ് ഡിവൈ.എസ്.പിമാർക്കാണ് ഏകോപന ചുമതല.
പ്രധാനപ്പെട്ട 148 കേന്ദ്രങ്ങളിലാണ് പൊലീസിനെ വിന്യസിക്കുന്നത്. ആഘോഷങ്ങളിൽ പങ്കെടുക്കുന്ന വിദേശികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികളെ ശല്യം ചെയ്‌താൽ ശക്തമായ നടപടി സ്വീകരിക്കും. സി.സി.ടി.വി കാമറകൾ സ്ഥാപിച്ച് മിക്ക പരിപാടികളും റെക്കാർഡ് ചെയ്യും.ഹൗസ് ബോട്ട് ഉൾപ്പടെയുള്ള യന്ത്രവത്കൃത ബോട്ടുകളുടെ മുകളിൽ കയറി മതിയായ സുരക്ഷമാനദണ്ഡമില്ലാതെ ആഘോഷങ്ങളിൽ ഏർപ്പെടരുത്. ഷാഡോ പൊലീസ്, പിങ്ക് പൊലീസ്, പൊലീസ് രഹസ്യാന്വേഷണ വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ കർശന പരിശോധന നടത്തും. ഡിസംബർ 31ന് വൈകിട്ട് മൂന്നു മുതൽ ജനുവരി ഒന്ന് പുലർച്ചെ ആറു വരെയാണ് പരിശോധന. ഇതിനായി പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കും. പടക്കം പൊട്ടിക്കാൻ 31ന് രാത്രി 11.55 മുതൽ 12.30 വരെ മാത്രമായിരിക്കും അനുമതിയെന്നും ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ അറിയിച്ചു.