ആലപ്പുഴ: വളർച്ച പൂർണമാകാത്ത മുട്ടകൾ ഗർഭാശയത്തിൽ അടിഞ്ഞത് നീക്കം ചെയ്യാൻ അപൂർവ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഒന്നര വയസുകാരി ഇഗ്വാന സുഖം പ്രാപിക്കുന്നു.
വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെ മെഡിക്കൽ കോളേജ് ആശുപത്രിയെന്ന് വിശേഷിപ്പിക്കാവുന്ന ആലപ്പുഴ സാറാസ് ബേഡ‌്സ് ആൻഡ് എക്സോട്ടിക് ആനിമൽ ആശുപത്രിയിൽ ഡോ.റാണി മരിയ തോമസാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ഒരു വ്യക്തി വളർത്തുന്ന ഇഗ്വാന ഒരു മാസമായി ഭക്ഷണം കഴിക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മെറ്റാബോളിക് ബോൺ ഡിസീസിന്റെ ഭാഗമായി മുട്ടകൾക്ക് പുറം തോട് രൂപപ്പെടാതെ യോജിച്ചിരിക്കുന്ന അവസ്ഥയാണെന്ന് കണ്ടെത്തിയത്. ഇന്ത്യയിൽ വളരെ അപൂർവ്വമായി മാത്രമാണ് ഈ ശസ്ത്രക്രിയ നടന്നിട്ടുള്ളത്. വയറ്റിൽ നിന്ന് 16 മുട്ടകൾ നീക്കം ചെയ്തു. സുഖം പ്രാപിച്ച് വരുന്ന ഇഗ്വാനയെ കൂട്ടിലേക്ക് മാറ്റി.
# രണ്ടുവിധം ഇഗ്വാനകൾ
സസ്യഭുക്കുകളായ പല്ലികളുടെ ജനുസിൽപ്പെടുന്നതാണ് ഇഗ്വാന. ഭൂമദ്ധ്യരേഖ പ്രദേശങ്ങളായ മെക്സിക്കോ, മദ്ധ്യ അമേരിക്ക, പോളിനേഷ്യൻ ദ്വീപുകളായ ഫിജി, ടോംഗ, വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിലാണ് ഇവ ഏറെയുള്ളത്. 1768 ൽ ആസ്ട്രിയൻ പ്രകൃതി ശാസ്ത്രജ്ഞൻ ജോസഫ്സ് നിക്കൊളാസ് ലോറന്റിയാണു ഇഗ്വാനയെ കണ്ടെത്തിയത്. പച്ച ഇഗ്വാന, ലെസർ ആന്റീലിയൻ ഇഗ്വാന എന്നിങ്ങനെ രണ്ടുതരമുണ്ട് ഇവ.