മാവേലിക്കര: ചെട്ടികുളങ്ങര പഞ്ചായത്തിലെ പഴയ പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് ലക്ഷങ്ങൾ ചെലവഴിച്ച് ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ നിർമിച്ച വഴിയിടം നോക്കുകുത്തിയാകുന്നു. മൂന്നര ലക്ഷത്തിലധികം മുടക്കി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പോലും നടന്നിട്ടില്ല.
മുഖ്യമന്ത്രിയുടെ 12 ഇന കർമ പദ്ധതിയിൽപ്പെടുത്തിയാണ് വിശ്രമ കേന്ദ്രം, പൊതു ശൗചാലയം എന്നിവ ഉൾപ്പെടുത്തി വഴിയോര യാത്രികർക്ക് വിശ്രമിക്കാനും കോഫി ഷോപ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ
ഒരിുക്കിയും ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പാക്കുന്നത്. ഏറെ വിപുലമായാണ് സംസ്ഥാന സർക്കാർ പദ്ധതി വിഭാവനം ചെയ്യുന്നത്. വിശ്രമകേന്ദ്രത്തോടൊപ്പം മൂലയൂട്ടൽ സൗകര്യങ്ങൾ ഉൾപ്പെടെ ഇത്തരം കേന്ദ്രങ്ങളിലുണ്ട്.
എന്നാൽ പദ്ധതിക്കായി ചെട്ടികുളങ്ങരയിൽ നിർമ്മിച്ച കെട്ടിടമാകട്ടെ നിർമ്മാണം പൂർത്തീകരിച്ചിട്ടും ഇതുവരെ തുറന്നു കൊടുത്തില്ല. 2020-21 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമ്മിച്ചത്. പഴയ ഗ്രാമപഞ്ചായത്ത് ഓഫീസ് വർഷങ്ങളായി ഉപയോഗശൂന്യമാണ്. ഇതിനോട് ചേർന്നു നിർമിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടവും ഇപ്പോൾ അതേപടിയായി. പൈപ്പ്ലൈൻ സജ്ജീകരിച്ചെങ്കിലും വൈദ്യുതി ലഭ്യമായില്ല. പോസ്റ്റ് ഓഫീസ് ഉൾപ്പെടെ പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ ക്രമീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും നടപ്പായിട്ടില്ല. ലക്ഷങ്ങളുടെ പദ്ധതി കാടു കയറുന്ന അവസ്ഥയാണിപ്പോൾ.
പദ്ധതികൾക്കായി ലക്ഷങ്ങൾ മുടക്കി നിർമ്മിക്കുന്ന കെട്ടിടങ്ങൾ ഉപയോഗപ്രദമാക്കിയില്ലെങ്കിൽ നശിച്ച് കാടുകയറുന്ന അവസ്ഥ ഉണ്ടാവും. ഈ അവസ്ഥയിലാണ് ചെട്ടികുളങ്ങരയിലെ ടേക്ക് എ ബ്രേക്ക് പദ്ധതിക്കായി നിർമ്മിച്ച കെട്ടിടവും. അടുത്തിടെ കാട് വെട്ടിത്തെളിച്ചെങ്കിലും ഇതുവരെ പദ്ധതി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
അനിൽ കുമാർ, ചെട്ടികുളങ്ങര