ചേർത്തല: നഗരത്തിലെ വിവിധ ഓഫീസുകളിൽ മന്ത്റി പി.പ്രസാദിന്റെ മിന്നൽ പരിശോധന. രജിസ്റ്ററിൽ ഒപ്പിട്ടു മുങ്ങിയ ജിവനക്കാരേയും ഓഫീസിലെത്താത്തവരേയും മന്ത്റി പിടികൂടി. രജിസ്റ്ററുകളടക്കം പരിശോധിച്ച മന്ത്റി കർശന നടപടികൾക്ക് ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് മന്ത്രിയെത്തിയത്. സിവിൽ സ്റ്റേഷനിലെ മണ്ണു പര്യവേക്ഷണ ഓഫീസ്, ചേർത്തല മുനിസിപ്പാലിറ്റി കൃഷിഭവൻ എന്നിവിടങ്ങളിലായിരുന്നു പരിശോധന. മണ്ണ് പര്യവേക്ഷണ ഓഫീസിലെ 18 പേരിൽ മൂന്നുപേരാണ് ഓഫീസിൽ ഉണ്ടായിരുന്നത്. രണ്ട് ഓഫീസുകളിലും ഹാജർ ബുക്കുകളിലടക്കം ക്രമക്കേടുകൾ കണ്ടെത്തി. വിവരങ്ങൾ അതതു വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. ടൂർ മാർക്ക് ചെയ്തു ഫീൽഡിൽ പോയി എന്ന് അവകാശപ്പെട്ട ജീവനക്കാരെ മന്ത്റി ഫോണിൽ വിളിച്ചു വസ്തുത പരിശോധിച്ചു.
പൊതുജനങ്ങളിൽ നിന്നു പരാതികളുയർന്ന സാഹചര്യത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ പരിശോധന കർശനമാക്കുമെന്നും മന്ത്റി പറഞ്ഞു. ജനങ്ങൾക്ക് സമയബന്ധിതവും കാര്യക്ഷമമായ സേവനം നൽകുന്നതിന് ഉദ്യോഗസ്ഥർ ബാദ്ധ്യസ്ഥരാണന്നും മന്ത്റി പറഞ്ഞു.