 
ചേർത്തല: അനുജന്റെ എൻജിനീയറിംഗ് പഠനം മുടങ്ങാതിരിക്കാൻ കളക്ടറുടെ ഇടപെടലിനെത്തുടർന്ന് കൈത്താങ്ങായ, ചേർത്തല അഖിലാഞ്ജലി ഗ്രൂപ്പ് ചെയർമാനും പൊതു പ്രവർത്തകനുമായ പി.ഡി. ലക്കിയെ കാണാൻ അനുജനൊപ്പം ചന്ദനയെത്തി.
തോട്ടപ്പള്ളി സ്വദേശികളാണ് ചന്ദന പ്രശോഭും അനുജൻ അശ്വിൻ പ്രശോഭും. അച്ഛനമ്മമാരുടെ ആകസ്മിക വേർപാടിനെ തുടർന്ന് ജീവിതവും പഠനവും പ്രതിസന്ധിയിലായപ്പോൾ അനുജന്റെ തുടർ പഠനത്തിന് വഴിയൊരുക്കാൻ ചന്ദന കഴിഞ്ഞ ദിവസം കളക്ടർ വി.ആർ. കൃഷ്ണതേജയെ സമീപിച്ചിരുന്നു. കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് അശ്വിന്റെ എൻജിനീയറിംഗ് പഠനത്തിനുള്ള നാലര ലക്ഷത്തോളം വരുന്ന ചെലവ് പൂർണമായി പി.ഡി. ലക്കി ഏറ്റെടുത്തത്. ഇരുവരെയും നേരിൽ കാണുകപോലും ചെയ്യാതെയായിരുന്നു ലക്കിയുടെ സഹായഹസ്തം.
പഠനം മുടങ്ങാതിരിക്കാൻ കോളേജിൽ എല്ലാ ക്രമീകരണങ്ങളുമൊരുക്കിയ ലക്കിയെ ചേർത്തലയിലെ അഖിലാഞ്ജലി പാർക്കിലെത്തിയാണ് ഇരുവരും സന്ദർശിച്ചത്. എന്ത് ആവശ്യത്തിനും ഒപ്പമുണ്ടാവുമെന്ന് വാഗ്ദാനം നൽകിയാണ് അദ്ദേഹം ഇരുവരെയും യാത്രയാക്കിയത്.