കുട്ടനാട്: സി.പി.എം രാമങ്കരി ലോക്കൽ കമ്മിറ്റിക്ക് പുറമെ കുട്ടനാട് ഏരിയയിൽപ്പെടുന്ന വിവിധ ലോക്കൽ കമ്മിറ്റികളിൽ നിന്ന് നേതാക്കളും പ്രവർത്തകരുമടങ്ങുന്ന വലിയൊരു നിര രാജിക്കൊരുങ്ങുന്നു. രണ്ടു ദിവസം മുമ്പ് രാമങ്കിയിൽ ഒരു വിഭാഗം പാർട്ടിയിൽ നിന്ന് രാജിവച്ചതിനൊപ്പം തലവടി നോർത്ത് കമ്മിറ്റിയിലും കൂട്ടരാജി നടന്നു.

രാമങ്കരി ലോക്കൽ കമ്മറ്റിയിലെ, ഏരിയ കമ്മറ്റിയംഗമായ എ.എസ്. അജിത്ത്, അങ്കണവാടി വർക്കേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ പ്രസന്ന സതീഷ് കുമാർ, സി.ഐ.ടി.യു ആർട്ടിസാൻസ് യൂണിയൻ ഏരിയ സെക്രട്ടറി വി.എൻ. രാമചന്ദ്രൻ, പ്രസിഡന്റ് വി.എം. രവി, കെ.എസ്.കെ.ടി.യു പഞ്ചായത്ത് സെക്രട്ടറി പി.കെ. ഗോപിദാസ്, രാമങ്കരി കിഴക്ക് ബ്രാഞ്ച് സെക്രട്ടറി അനിൽ കുമാർ, വേഴപ്ര തെക്ക് ബ്രാഞ്ച് സെക്രട്ടറി പി.ജെ. വിനോദ് എന്നിവരുൾപ്പെടെ രാമങ്കരി ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള 46 പാർട്ടി അംഗങ്ങളാണ് രണ്ടുദിവസം മുമ്പ് രാജിവച്ചത്. തലവടി ഏരിയ കമ്മിറ്റിയംഗമായ വി.കെ. കുഞ്ഞുമോൻ, എൽ.സി അംഗങ്ങളായ ജേക്കബ് മാമ്മൻ, ഐപ്പ് വർഗ്ഗീസ്, പി.ജെ. ബേബി, സതീശൻ, ബ്രാഞ്ച് സെക്രട്ടറിമാരായ സോളമൻ, രാജപ്പൻ, ജോസഫ് എന്നിവരും രാജിവച്ചിരുന്നു. അടുത്ത ഘട്ടമെന്ന നിലയിൽ മുട്ടാർ, പുളിങ്കുന്ന്, കാവാലം കമ്മിറ്റികളിൽ നിന്നും രാജി സാദ്ധ്യതയുണ്ട്.

സംസ്ഥാന സമ്മേളനത്തിന് ശേഷവും പാർട്ടിയിൽ തുടരുന്ന വിഭാഗീയതയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് നേതാക്കൾ പറഞ്ഞു. കുട്ടനാട് ഏരിയ സമ്മേളനത്തിന് മുന്നോടിയായി നടന്ന ലോക്കൽ സമ്മേളനങ്ങളിൽ നീലമ്പേരൂർ കമ്മിറ്റിയിൽ മാത്രമാണ് മത്സരം ഒഴിവായത്. എന്നാൽ തുടർന്ന് പ്രശ്നങ്ങൾ രൂക്ഷമാകുകയും ഒരു വിഭാഗത്തെ തെരഞ്ഞുപിടിച്ചു നടപടി എടുക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് കുട്ടനാട് ഏരിയ കമ്മിറ്റിക്കും ജില്ലാ നേതൃത്വത്തിനും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ലോക്കൽ സമ്മേളനങ്ങളിൽ നടന്ന വിഭാഗീയത ഏരിയ കമ്മിറ്റി കമ്മിറ്റി അംഗങ്ങളുടെ അറിവോടെയായിരുന്നെന്നും ആരോപണമുണ്ട്. വിവരം സംസ്ഥാന സമിതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന്റെ ഭാഗംകൂടിയാണ് കൂട്ടരാജി.