മാന്നാർ: ചെറുകോൽ ശ്രീ സുബ്രഹ്മണ്യസ്വാമി ധർമ്മശാസ്താക്ഷേത്രത്തിലെ ആദ്യ ഭക്തിഗാന സമാഹാരം ശങ്കരനന്ദനം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ പ്രകാശനം ചെയ്തു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി കെ.ബി. പ്രഭുല്ലചന്ദ്രൻ ആദ്യകോപ്പി ഏറ്റു വാങ്ങി. ശ്രീജിത്ത് അച്യുതൻ നായർ, ശ്രീലത സഞ്ജീവൻ എന്നിവരുടെ വരികൾക്ക് വി.എ. സജിത്ത് കാരാഴ്മയാണ് സംഗീതം പകർന്നത്. മധു ബാലകൃഷ്ണൻ, ഗണേഷ് സുന്ദരം, ചിത്ര അരുൺ, നിമ്യാലാൽ എന്നിവർ ആലപിച്ച അഞ്ചു ഗാനങ്ങളാണ് സമാഹാരത്തിൽ. ശബരിമല മുൻ മേൽശാന്തി വിഷ്ണു നമ്പൂതിരി, മാളികപ്പുറം മുൻ മേൽശാന്തി കേശവൻ നമ്പൂതിരി എന്നിവർ ഗാനങ്ങളുടെ ദൃശ്യാവിഷ്കാരം നിർവഹിച്ചു. ക്ഷേത്ര പരിസരത്ത് വലിയസ്‌ക്രീനിൽ അഞ്ചു ഗാനങ്ങളും പ്രദർശിപ്പിച്ചു. സംഗീത സംവിധായകൻ വി.എ. സജിത്ത് കാരാഴ്‌മയ്ക്ക് വയലാർ ശരത്ചന്ദ്രവർമ്മ സനാതന ധർമ്മ പുരസ്കാരം സമ്മാനിച്ചു. ഗാനരചയിതാക്കൾക്ക് അക്ഷരശ്രീ പുരസ്കാരം നൽകി. ശ്രീജിത്തിന് വേണ്ടി മാതാവ് എ.ജി. രാജലക്ഷ്മി പുരസ്‌കാരം ഏറ്റുവാങ്ങി. ഭാഗവതാചാര്യൻ കമലാക്ഷക്കുറുപ്പിനെ ചടങ്ങിൽ ആദരിച്ചു. ക്ഷേത്രത്തിലെ ഭക്തജന കൂട്ടായ്മയായ ചെറുകോൽ സനാതനധർമ്മ സേവാസംഘമാണ് ആൽബം തയ്യാറാക്കിയത്.
യോഗത്തിൽ ചെറുതല മഠം വിഷ്ണു നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ചാങ്ങവിളയിൽ കൃഷ്ണകുമാരി സ്വാഗതം പറഞ്ഞു.ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ദിലീപ് കുമാർ, സബ് ഗ്രൂപ്പ് ഓഫീസർ ജയപ്രകാശ്, ക്ഷേത്രം മേൽശാന്തിമാരായ കൃഷ്ണ പ്രമോദ് നമ്പൂതിരി, അഖിൽ പരമേശ്വരൻ നമ്പൂതിരി, വാർഡ് മെമ്പർമാരായ ഷിബു കിളിമൺതറ, ബിനി സുനിൽ, കീർത്തി ബിപിൻ, ബിന്ദു പ്രദീപ് എന്നിവർ സംസാരിച്ചു.