ബുധനൂർ: വീട്ടിലും പരിസരത്തുമായി പടക്കം സൂക്ഷിച്ചതിന് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് അടക്കം 2 പേർക്കെതിരെ കേസ്. ബുധനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധുവിന്റെ ഭർത്താവ് പെരിങ്ങലിപ്പുറം പാവൂത്തറ കുറ്റിയിൽ മധു, പെരിങ്ങിലിപ്പുറം അമൃതം വീട്ടിൽ ജയപ്രകാശ് എന്നിവർക്കെതിരെയാണ് മാന്നാർ പൊലീസ് കേസെടുത്തത്.
ഇരുവരുടേയും കൈവശം ഉണ്ടായിരുന്ന 2 ചാക്ക് പടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. മധുവിന്റെ വീട്ടുപറമ്പിലും ജയപ്രകാശിന്റെ വീട്ടിലുമാണ് പടക്കം സൂക്ഷിച്ചിരുന്നത്. സ്ഫോടക വസ്തു ആയതിനാൽ എണ്ണി തിട്ടപ്പെടുത്തിയില്ലെന്ന് ഇൻസ്പെക്ടർ ജോസ് മാത്യു പറഞ്ഞു. ലൈസൻസ് ഇല്ലാതെയാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു. ഇരുവരെയും ജാമ്യത്തിൽ വിട്ടയച്ചു.