ആലപ്പുഴ: കേരളത്തിന്റെ ഭാവി ടൂറിസമാണെന്ന് പ്രഖ്യാപിച്ച വർഷമാണ് 2022 എന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആലപ്പുഴ ബീച്ചിന് സമീപമുള്ള സീ വ്യൂ പാർക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മുൻകാലങ്ങളെ അപേക്ഷിച്ച് 2022ൽ ആഭ്യന്തര- വിനോദ സഞ്ചാരികളുടെ എണ്ണം ഒന്നര കോടിയിലെത്തും. ടൂറിസം മേഖലയിൽ വൈവിദ്ധ്യമൊരുക്കാൻ വിവിധ മേഖലകളിലുള്ളവരുമായി ചർച്ച ചെയ്ത് ക്രിയാത്മക ആശയങ്ങൾ സർക്കാർ സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിനകത്തും പുറത്തും സമാനമായ ഒട്ടേറെ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കിയ ഏജ്ലെസ് കമ്പനിയാണ് സീ വ്യു അഡ്വഞ്ചർ ടൂറിസം പാർക്കിന്റെ സംരംഭകർ. യോഗത്തിൽ എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എ.എം. ആരിഫ് എം.പി, പി.പി. ചിത്തരഞ്ജൻ എം.എൽ.എ, കളക്ടർ വി.ആർ.കൃഷ്ണ തേജ, നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.പി. രാധാകൃഷ്ണ പിള്ള, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, വാർഡ് കൗൺസിലർ പ്രഭ ശശികുമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.