ആലപ്പുഴ: നഗരത്തിലുൾപ്പെടെ കുടിവെള്ളം എത്തിക്കാൻ സ്ഥാപിച്ച ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗവും നിരന്തരം പൊട്ടിക്കൊണ്ടിരുന്നതുമായ പൈപ്പുകൾ മാറ്റി ഗുണനിലവാരമുള്ളവ സ്ഥാപിച്ചതോടെ മുടക്കമില്ലാതെ നഗരത്തിൽ ശുദ്ധജലം ഉറപ്പാക്കാനാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ ആലപ്പുഴ ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
2017ൽ കമ്മിഷൻ ചെയ്ത ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പൈപ്പുകൾ 76 തവണയാണ് പൊട്ടിയത്. 1200 മീറ്റർ ദൂരത്തിലുള്ള പൈപ്പാണ് തുടർച്ചയായി പൊട്ടുന്നത്. ഈ ഭാഗത്തെ മുഴുവൻ പൈപ്പും മാറ്റി ഗുണനിലവാരമുള്ളവ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ കൃത്യമായി തുടർ നിരീക്ഷണം നടത്താൻ മന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. പൈപ്പ് ലൈനിൽ കേടുപാടുകൾ ഉണ്ടാകാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് ഉടൻ പരിഹാരം കാണാൻ പ്രത്യേക സംഘത്തെ നിയോഗിക്കാനും നിർദേശിച്ചു. കുട്ടനാട്, ആലപ്പുഴ, ചെങ്ങന്നൂർ മണ്ഡലങ്ങളിലെ കുടിവെള്ള പദ്ധതിയുടെ തുക ഉയർത്തണമെന്ന ആവശ്യം പരിഗണിക്കും. കിഫ്ബിയുമായി അടിയന്തര ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
എം.എൽ.എമാരായ എച്ച്.സലാം, പി.പി.ചിത്തരഞ്ജൻ, നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ്, വാട്ടർ അതോറിട്ടി സൂപ്രണ്ട് എൻജിനീയർ (ഇൻ ചാർജ്) എബ്രഹാം വർഗീസ്, എക്സിക്യുട്ടീവ് എൻജിനീയർ ഗിരീഷ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ നൂർജഹാൻ, പി.എച്ച് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ഡി.വി. ജോഷില, പ്രോജക്ട് മാനേജർ ജയകുമാർ, കിഫ്ബി, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.