# ക്രിമിനലുകളെ നിയന്ത്രിക്കാനാവാതെ പൊലീസ്

ആലപ്പുഴ: പൊലീസ് പട്രോളിംഗ് ശക്തമല്ലാത്തതിനാൽ പുന്നമടയിലും പരിസര പ്രദേശങ്ങളിലും സഞ്ചാരികളും പ്രദേശവാസികളും തമ്മിൽ സംഘട്ടനം പതിവാകുന്നു. ആറുമാസത്തിനിടെ ചെറുതും വലുതമായ 10ൽ അധികം ഏറ്റുമുട്ടലുകൾ നടന്നു. നഗരത്തിൽ ക്വട്ടേഷൻ സംഘങ്ങളുടെ അഴിഞ്ഞാട്ടമുണ്ടായിട്ടും പൊലീസ് വേണ്ടവിധം ഇടപെടുന്നില്ലെന്നാണ് പരാതി.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 5.30ന് ടൂറിസം പൊലീസിനെ കാഴ്ചക്കാരാക്കിയാണ് സഞ്ചാരികളും നാട്ടുകാരും തമ്മിലടിച്ചത്. സഞ്ചാരികൾക്ക് പരിക്കേറ്റു. കഴിഞ്ഞ ജൂലായ് 25ന് ഫിനിഷിംഗ് പോയിന്റിലെത്തിയ രണ്ടു സഞ്ചാരികൾ വടിവാളുമായി ഹൗസ്ബോട്ട് തൊഴിലാളികളെ ആക്രമിച്ചു. നോർത്ത്, കൺട്രോൾ റൂം പൊലീസ് പുന്നമടയിൽ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇരട്ടക്കൊലപാതകത്തെ തുടർന്ന് ഏർപ്പെടുത്തിയ നിരോധനാജ്ഞ നിലനിൽക്കെ കൈതത്തിൽ യുവാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. തൊട്ടടുത്ത ദിവസം ആലപ്പുഴ നഗരത്തിൽ ഗുണ്ടാനേതാവിനെ സ്വത്ത് തർക്കത്തെ തുടർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ചാത്തനാട്ട് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ഗുണ്ടാനേതാവ് കൊല്ലപ്പെട്ടതുൾപ്പെടെയുള്ള സംഭവങ്ങളിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്നും ആക്ഷേപമുണ്ട്.

# അറിയുന്നില്ല പലതും

കാപ്പ നിയമം അനുസരിച്ച് നാടുകടത്തപ്പെട്ടവർ ജില്ലയിൽ മടങ്ങിയെത്തുന്നത് രഹസ്യാന്വേഷണ വിഭാഗം കൃത്യമായി അറിയുന്നില്ല. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന പൊലീസ് എയ്ഡ് പോസ്റ്റ് രാത്രിയിൽ പ്രവർത്തിക്കാത്തത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് വഴിയൊരുക്കുന്നു. മദ്യപിച്ച് എത്തുന്നവർ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതും പതിവാണ്. ആലപ്പുഴ നോർത്ത്, സൗത്ത് സ്റ്റേഷൻ പരിധികളിൽ അടിപിടി, അക്രമം, മോഷണം, പിടിച്ചുപറി കേസുകളുടെ എണ്ണം വർദ്ധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.