t
t

# വഞ്ചിക്കപ്പെട്ടത് 549 തൊഴിലാളികൾ

ആലപ്പുഴ: അടച്ചു പൂട്ടിയ പാതിരപ്പള്ളി എക്സൽ ഗ്ളാസ് ഫാക്ടറിയിലെ 549 തൊഴിലാളികൾക്ക് പി.എഫ് തുക പിൻവലിക്കാൻ കഴിയുന്നില്ല. തൊഴിലുടമയുടെ ചുമതലയുള്ള ലിക്വഡേറ്റർ ജോയിന്റ് ഡിക്ളറേഷൻ ഫോറം ഒപ്പിട്ടു നൽകാത്തതാണ് കാരണം.

ഫാക്ടറി അടച്ചു പൂട്ടിയതിനെ തുടർന്ന് സർക്കാരാണ് ലിക്വഡേറ്ററെ നിയമിച്ചത്. ഇയാൾ ചുമതലയേറ്റപ്പോൾ തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ടതും ഫാക്ടറിയുടെ മറ്റ് രേഖകളും കൈമാറിയിരുന്നു. എന്നാൽ ഈ രേഖകൾ മോഷണം പോയെന്നാണ് ലിക്വഡേറ്ററുടെ ഓഫീസ് ജീവനക്കാർ തൊഴിലാളികളോട് പറയുന്നത്. ഗ്രാറ്റുവിറ്റിയുമായി ബന്ധപ്പെട്ട കേസിൽ ഉദ്യോഗസ്ഥർ തയ്യാറാക്കിയ രേഖകൾ ലിക്വഡേറ്റർ കോടതിയിൽ സമർപ്പിച്ചിരുന്നു. മുഴുവൻ വിവരങ്ങളും സി.ഡിയിലാക്കി സൂക്ഷിച്ചിട്ടുമുണ്ട്. തൊഴിലാളികൾക്ക് സാക്ഷ്യപത്രം നൽകാത്തതിന് പിന്നിൽ ദുരുഹതയുണ്ടെന്നാണ് ആക്ഷേപം.

2012 ഡിസംബർ 12ന് ഫാക്ടറി പൂട്ടിയപ്പോൾ 550 ജീവനക്കാരുണ്ടായിരുന്നു. നിലവിൽ 549 പേർ. ഒന്നു മുതൽ ആറു ലക്ഷം രൂപവരെ ഓരോ തൊഴിലാളിക്കും പി.എഫ് ആനുകൂല്യം ലഭിക്കാനുണ്ട്. 75,000 മുതൽ അഞ്ചു ലക്ഷം വരെ ഗ്രാറ്റുവിറ്റിയും.

# ഓൺലൈൻ അപേക്ഷ പറ്റുന്നില്ല

പി.എഫ് അപേക്ഷകൾ ഓൺലൈൻ വഴിയാണ് നൽകേണ്ടത്. തൊഴിലുടമ ഒപ്പിട്ട നിയമന സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ ഇതു സാദ്ധ്യമാവൂ. സർട്ടിഫിക്കറ്റ് നൽകാതെ ലിക്വഡേറ്റർ ഒഴിഞ്ഞുനിൽക്കുകയാണ്. പി.എഫ് ഓഫീസിൽ നിന്ന് സമ്മർദ്ദമുണ്ടായപ്പോഴാണ് രേഖകളെല്ലാം നഷ്ടപ്പെട്ടെന്ന് ലിക്വഡേറ്റർ വ്യക്തമാക്കിയത്.

# കൈയിലുണ്ട് കോടികൾ

ദേശീയപാതയ്ക്ക് സമീപം 18.5 ഏക്കർ സ്ഥലത്തിനും അനുബന്ധ കെട്ടിടത്തിനും അതിലെ യന്ത്രങ്ങൾക്കും ചേർത്തല പള്ളിപ്പുറത്ത് രണ്ട് ബ്‌ളോക്കുകളിലെ അഞ്ച് ഏക്കർ സ്ഥലത്തിനും 200 കോടിയിലധികം കിട്ടുന്നതാണെങ്കിലും നൂറ് കോടിയിൽ താഴെയാണ് വിലയിട്ടത്. സ്ഥലം ഒഴികെ കെട്ടിടവും യന്ത്രങ്ങളും രണ്ട് ഘട്ടമായി ലേലം ചെയ്തു. ഈ തുക കൈവശം ഉണ്ടായിട്ടും ഒരുരൂപ പോലും തൊഴിലാളികൾക്ക് നൽകിയില്ല.

ലിക്വഡേറ്റർ നിയമിച്ച ഉദ്യോഗസ്ഥർക്ക് തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള തന്ത്രങ്ങളാണ് ഇപ്പോൾ നടക്കുന്നത്. തൊഴിലാളികളുടെ മുഴുവൻ രേഖകളും തൊഴിൽ ഉടമയുടെ ഓഫീസിൽ സുരക്ഷിതമായുണ്ട്

ആർ.അനിൽ കുമാർ, എ.ഐ.ടി.യു.സി