ആലപ്പുഴ: സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും ഫോൺ വഴി സേവനങ്ങൾ ആവശ്യപ്പെടാനും പരാതി ഉന്നയിക്കാനും കൃത്യമായ സംവിധാനം ഉറപ്പാക്കണമെന്ന് ജില്ല വികസന സമിതി യോഗം നിർദ്ദേശിച്ചു.

സർക്കാർ ഓഫീസുകളിലെ ഫോണുകൾ പ്രവർത്തനക്ഷമമാക്കാനും കൃത്യമായി ഫോൺ അറ്റൻഡ് ചെയ്യാനും ഉദ്യോഗസ്ഥർക്ക് യോഗം കർശന നിർദ്ദേശം നൽകി. ചില സർക്കാർ ഓഫീസുകളിൽ ഫോൺ മുഖാന്തിരം ബന്ധപ്പെടാൻ തടസം നേരിടുന്നതായി പി.പി.ചിത്തരഞ്ജൻ എം.എൽ.എ യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മാരാരി ബീച്ച് ടൂറിസം പദ്ധതിയുടെ സാദ്ധ്യതകൾ തുടർന്നും പരിശോധിക്കണമെന്നും എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു.

ജില്ലാക്കോടതി പാലം, നാലുചിറ പാലം, കൈതവന പഴയ നടക്കാവ് റോഡ് എന്നിവയുടെ നിർമ്മാണ പുരോഗതി എച്ച്.സലാം എം.എൽ.എ അവലോകനം ചെയ്തു. മത്സ്യത്തൊഴിലാളികൾക്കുള്ള തോട്ടപ്പള്ളിയിലെ ഫ്ലാറ്റ് നിർമ്മാണം ഊർജ്ജിതപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ ഗ്രാമപഞ്ചായത്തുകളിൽ നിലാവ് പദ്ധതിയിലുൾപ്പെടുത്തി സ്ഥാപിച്ചിട്ടുള്ള വഴിവിളക്കുകളുടെ തുടർ പരിപാലനം ഉറപ്പാക്കണമെന്ന് തോമസ് കെ. തോമസ് എം.എൽ.എയും അരൂക്കുറ്റി ഹൗസ് ബോട്ട് ടെർമിനിൽ സഞ്ചാരികൾക്ക് പ്രവേശിക്കാൻ തക്കവിധം സജ്ജമാക്കണമെന്ന് ദലീമ ജോജോ എം.എൽ.എയും ആവശ്യപ്പെട്ടു. ഈര വാലടി റോഡ് തകർന്ന നിലയിലാണെന്നും അപ്രോച്ച് റോഡ് പുനരുദ്ധരിച്ച് ഗതാഗതയോഗ്യമാക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ പ്രതിനിധി യോഗത്തിൽ ആവശ്യപ്പെട്ടു. കളക്ടർ വി.ആർ കൃഷ്ണതേജ അദ്ധ്യക്ഷത വഹിച്ചു.