photo
വിജിലൻസ് സംഘം പരാതിക്കാരനിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നു

ചേർത്തല: പൊതുമരാമത്ത് നിരത്ത് ഉപവിഭാഗത്തിന്റെ കീഴിൽ നടന്ന ബഡ്ജറ്റ് വർക്കിലെ നിർമ്മാണത്തിൽ അപാകതയും അഴിമതിയും ആരോപിച്ച് നൽകിയ പരാതിയിൽ വിജിലൻസ് എസ്.ഐയുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി. പരാതിയിൽ പറഞ്ഞ എല്ലാ സ്ഥലങ്ങളിലും സംഘം നേരിട്ടെത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്.

നിർമ്മാണത്തിലെ ഗുണനിലവാരം മോശമാണെന്ന സംശയത്തെ തുടർന്ന് ക്വാളിറ്റി കൺട്രോൾ ബോർഡിന്റെ പരിശോധനയ്ക്ക് ശുപാർശ ചെയ്തു. ദേശീയപാത ആറുവരിയാക്കാൻ ഏറ്റെടുത്ത പി.ഡബ്ല്യു.ഡി ദീപിക ജംഗ്ഷനിൽ കലുങ്ക് നിർമ്മിച്ച് ഖജനാവിന് നഷ്ടം വരുത്തിയെന്ന് ബോദ്ധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്യാനാണ് വിജിലൻസിന്റെ തീരുമാനം. വിജിലൻസ് ഡയറക്ടർക്ക് പൊതുപ്രവർത്തകനായ വേളോർവട്ടം ശശികുമാർ നൽകിയ പരാതിയെ തുടർന്നാണ് ആലപ്പുഴ വിജിലൻസ് യൂണിറ്റ് അന്വേഷണം തുടങ്ങിയത്.