തവളകളെ പറ്റിയുള്ള ഗവേഷണത്തിന് ജീവിതംസമർപ്പിച്ച ഡോ.സത്യഭാമ ദാസ് ബിജു കേരളശ്രീ തിളക്കത്തിൽ
ഇരുപത്തിരണ്ട് വർഷം മുൻപ് തട്ടേക്കാട് വന്യജീവി കേന്ദ്രത്തിന് സമീപം കിണർ കുഴിക്കവെ 24 അടി താഴ്ചയിൽ മൺവെട്ടി കൊണ്ട് രണ്ടായി മുറിഞ്ഞ ഒരു അപൂർവ്വ ജീവിയെ കണ്ട വിവരം ഒരു സുഹൃത്താണ് അന്ന് തിരുവനന്തപുരം പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞനായിരുന്ന ഡോ. സത്യഭാമ ബിജുവിനെ അറിയിച്ചത്. അദ്ദേഹം ആവേശത്തോടെ ആ ജീവിയെക്കുറിച്ച് പഠനം തുടങ്ങി.
ഇടുക്കി കട്ടപ്പനയിൽ 'ജീവി"യെ കണ്ടതായി വിവരം കിട്ടി. വേനൽമഴയിൽ മണ്ണിനടിയിൽ നിന്ന് കോഴി കൂവുന്നപോലെ കേട്ടെന്നറിഞ്ഞ് അങ്ങോട്ട് പോയി. സ്ഥലം കുഴിച്ച് ആളെ ജീവനോടെ കൈയിലെടുത്തു. അതുവരെ കണ്ടെത്താത്ത തവള കുടുംബാംഗം! ബിജു ആ ഫാമിലിക്ക് നാസികാ ബെട്രാക്കിഡേ (Nasikabatrachidae) എന്ന് പേരിട്ട് ശാസ്ത്രലോകത്തിന് സമർപ്പിച്ചു.
നീണ്ട മൂക്ക്, ചെറിയ കണ്ണുകൾ, വീർത്ത് മുരടിച്ച ശരീരം. കുറുകിയ കാലുകളിൽ മണ്ണുമാന്താൻ കൈപ്പത്തി. 4-10 സെ.മീ. വലുപ്പം. ആണും പെണ്ണും ഇണചേരാനും മുട്ടയിടാനും മണ്ണിൽ നിന്ന് പുറത്തേക്ക് വരും. ഇന്ത്യയിലെ തവളകളിൽ ഏറ്റവും കൂടുതൽ മുട്ട ഇടുന്ന ഇനം - 2000ത്തോളം. കരയിൽ വെള്ളത്തിന് സമീപം മുട്ടകളിട്ട ശേഷം കുഴിയിലേക്ക് മടക്കം. കുഞ്ഞുങ്ങളും പിന്നീട് മണ്ണിനടിയിലേക്ക് പോകും. വർഷത്തിലൊരിക്കൽ ഭൂമിക്ക് പുറത്തു വരും. അതിനാലാണ് മാവേലി തവളയെന്ന പേര്. ബിജു കണ്ടെത്തിയത് നാസികാ ബെട്രാക്കസ് സഹ്യാദ്രൻസിസ് (Nasikabatrachus sahyadrensis) എന്ന സ്പീഷീസാണ്. അർത്ഥം സഹ്യപർവത നിരകളിലെ നീണ്ട മൂക്കുള്ള തവള.ലോകത്ത് ആകെ 54 തവള കുടുംബങ്ങൾ (ഫാമിലി) മാത്രം. അറിയപ്പെടുന്ന സ്പീഷീസുകൾ 7532. ഇവയിൽ ഭൂരിഭാഗവും 1800കൾക്ക് മുൻപ് കണ്ടെത്തിയത്. അങ്ങനെ മാവേലി തവള നൂറ്റാണ്ടിന്റെ കണ്ടുപിടിത്തമായി. സീഷെൽസ് ദ്വീപുകളിലെ സൂഗ്ളോസിഡെ(Sooglossidae) തവള കുടുംബവുമായി ഇവയ്ക്കുള്ള അടുപ്പവും ഡോ. ബിജു കണ്ടെത്തി. (65,000 വർഷങ്ങൾക്കു മുമ്പ് സീഷെൽസും ഇന്ത്യയും ഒന്നിച്ചായിരുന്നുവെന്ന് ഗോണ്ട്വാന ഭൂഖണ്ഡ സിദ്ധാന്തം.)

മാവേലിത്തവള
വടക്കു കിഴക്കു നിന്ന് ചിക്കിലിഡേ
2006-10ൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 230ലേറെ സ്ഥലങ്ങളിൽ നടത്തിയ പര്യവേഷണങ്ങളിൽ ഡോ.ബിജു കണ്ടെത്തിയ രണ്ടാമത്തെ ഉഭയജീവി കുടുംബമാണ് ചിക്കിലിഡേ (Chikilidae). വിരയെപ്പോലെ തോന്നിക്കുന്ന കാലുകളില്ലാത്ത ഉഭയജീവിയായ(സിസിലിയൻ) ഇവയുടെ ജീവിതവും ഭൂമിക്കടിയിലാണ്(9-28സെ.മീ വലുപ്പം). കുഴികുത്താൻ പറ്റിയ വിധം കട്ടിത്തലയോട്. അമ്മ തവള അടവച്ച് മുട്ട വിരിയിക്കും. കുഞ്ഞുങ്ങൾക്കും വിരയുടെ രൂപം. സിസിലിയൻ വിഭാഗത്തിലെ പത്താമത്തെ കുടുംബത്തിന് ആഫ്രിക്കൻ ഫാമിലി ഹെർപീലിഡെയുമായുള്ള(Herpelidae) ബന്ധവും ബിജു കണ്ടെത്തി. (140കോടി വർഷം മുൻപ് ആഫ്രിക്കയും ഇന്ത്യയും ഒന്നായിരുന്നുവെന്നാണ് നിഗമനം.)
മരത്തിന് മുകളിലെ വെള്ളത്തുള്ളി
വെള്ളത്തുള്ളി വീഴുന്ന പോലെ കരച്ചിൽ കേട്ട് വയനാട് കൽപ്പറ്റയിൽ ഒരു വന്മരത്തിൽ നിന്ന് നീറോസ്റ്റഗോണ (nerostagona) എന്ന തവളയെയും ബിജു കണ്ടെത്തി (Wayanad water-drop frog). ഏറ്റവും ഉയരത്തിൽ ജീവിക്കുന്ന ഏഷ്യൻ തവളയാണിത്. ആജീവനാന്തം മരത്തിനു മുകളിൽ. മുട്ടയിടുന്നത് മരപ്പൊത്തിൽ.
'ക്രോം..ക്രോം"ശാസ്ത്രം
ഇണയെ ആകർഷിക്കാൻ സാധാരണ ആൺതവളകളാണ് കരയാറ്. കരയുന്ന പെൺതവള നിക്റ്റിബട്രാക്കസ് ഹുമയൂണി (Nyctibatrachus humayuni) എന്ന ഇനത്തിന്റെ സവിശേഷ ഇണചേരൽ കണ്ടെത്തലും ഡോ. ബിജുവിന്റേത്. പെൺതവളയ്ക്ക് മേൽ നിക്ഷേപിക്കപ്പെടുന്ന ബീജം ഒഴുകി മുട്ടകൾക്കു മേൽ വീഴും. അതുവരെ ലോകത്തെ 7,540 ഇനം തവളകളിൽ ആറ് ഇണചേരൽ സ്ഥാനങ്ങൾ (ആംപ്ലെക്സസ് പൊസിഷൻ) കണ്ടെത്തിയിരുന്നു. ഏഴാമത്തെ സ്ഥാനം ബിജുവിന്റെ വക.

വെള്ളത്തുള്ളി തവള
ഇന്ത്യയിലെ'തവളമനുഷ്യൻ"
കൊല്ലം കടയ്ക്കലിലെ സാധാരണ കുടുംബത്തിൽ ജനിച്ച്, വീട്ടിലെ പശുവിനെയും തെളിച്ച്, നാട്ടിൻ പുറത്തെ കാഴ്ചകൾ കണ്ട് നടന്ന കുട്ടിക്കാലമുണ്ട് ഡോ. എസ്. ഡി. ബിജുവിന്. വാൽമാക്രിയും തവളയുമൊക്കെ അന്നേ മനസിൽ കയറിപ്പറ്റിയതാണ്. പിൽക്കാലത്ത് സസ്യ ശാസ്ത്രത്തിൽ പി. എച്ച്ഡി നേടിയ ബിജു ഒരു ജന്തുശാസ്ത്രജ്ഞന്റെ ആവേശത്തോടെ തവളകളെ തേടി അലഞ്ഞു. കാമറയും തൂക്കി ഇന്ത്യയിലെ സകല കാടുകളും കയറി ഇറങ്ങി. കേരളത്തിലെ അഗസ്ത്യ പർവതവും വയനാടൻ കാടുകളും തുടങ്ങി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വരെ. രാത്രിയിലെ വന യാത്രകൾ ദുരിതമായിരുന്നു. പൊലീസും സൈന്യവും ഫോറസ്റ്റ്കാരും പിടികൂടി. കാട്ടാനകളോടിച്ചു. തവളകളെ പിടിക്കുന്ന വിഷപ്പാമ്പുകൾ ചീറ്റി. ബിജു പിന്മാറിയില്ല.
നൂറ്റാണ്ടിന്റെ കണ്ടുപിടിത്തമായ മാവേലിത്തവള നാഴികക്കല്ലായി. ലോകമറിയാത്ത 200 ഓളം തവളകൾ പശ്ചിമഘട്ടത്തിലുണ്ടെന്ന് ബിജു റിപ്പോർട്ട് ചെയ്തു. സസ്യശാസ്ത്രജ്ഞൻ ഇതൊക്കെ ചെയ്തത് പലർക്കും ദഹിച്ചില്ല. അതിന് ഗവേഷണത്തിലൂടെ മറുപടി നൽകാൻ ബിജു വിദേശത്തേക്ക് പറന്നു. പാരീസിലും ലണ്ടനിലും ബ്രസൽസിലും ഗവേഷണം. തവളകളുടെ രണ്ട് കുടുംബങ്ങളും (മണ്ണിനടിയിൽ ജീവിക്കുന്നവ) 10 ജനുസുകളും 104 സ്പീഷിസുകളും ഡോ. ബിജുവിന്റെ കണ്ടെത്തലാണ്. ഇന്ത്യയിലെ ഉഭയജീവികളുടെ 25ശതമാനം വരുമിത്. ഉഭയജീവികളെ പറ്റി പുതിയ അറിവുകൾ നൽകിയ ലോകത്തെ മികച്ച നാല് ശാസ്ത്രജ്ഞരിൽ ഒരാളായ ബിജു യു.എസ് ഹാർവാർഡ് സർവകലാശാലയിൽ ഓർഗാനിസ്മിക് ആൻഡ് എവല്യൂഷണറി ബയോളജി വകുപ്പിൽ അസോസിയേറ്റായി ഏഷ്യൻ-ആഫ്രിക്കൻ തവളകളുടെ പരിണാമ ഗവേഷണത്തിലാണിപ്പോൾ. വെള്ളത്തിൽ നിന്ന് കരയിലെത്തിയ ആദ്യത്തെ നട്ടെല്ലുള്ള ജീവികളുടെ പരിണാമഘട്ടത്തിലെ രഹസ്യങ്ങൾ അനാവരണം ചെയ്യാൻ.

ഡോ.സത്യഭാമ ദാസ് ബിജു
തവളപ്പേരുകൾ:
ബിജു കണ്ടെത്തിയ നിരവധി തവളകൾക്ക് കാട്ടിൽ വഴികാട്ടികളായ ആദിവാസികളുടെ പേരാണ്. മേഘാലയിലെ ആദിവാസി ഭാഷയായ ഗോരയിൽ നിന്നുള്ള വാക്കാണ് ചിക്കിലിഡേ, അഗസ്ത്യമലയിലെ കാണികളുടെ പേരിലുമുണ്ട് തവള. കാട്ടിൽ സഹായിച്ച ടി.എൻ. മനോഹരൻ എന്ന ഫോറസ്റ്റ് ഓഫീസറുടെ ( മുൻ വനംവകുപ്പ് മേധാവി,മുൻ കെ.എസ്.ഇ.ബി.ചെയർമാൻ) പേരിലുള്ള തവളയാണ് മിനർവേരിയ മനോഹരി. കേരളത്തിലെ ബെഡ്ഡോമിക്സലസ് ബിജുയിയും (Beddomixalus bijui) നിക്കോബാറിൽ നിന്നുള്ള പുതിയ ജനുസായ ബിജുരാനയും (Bijurana) ഡോ.ബിജുവിനുള്ള ശാസ്ത്രലോകത്തിന്റെ ആദരം.
ഇന്റർനാഷണൽ യൂണിയൻ ഒഫ് കൺസർവേഷൻ ഓഫ് നേച്ചറിന്റെ 2008ലെ സാബിൻ അവാർഡ്, സാംഗ്ച്വറി വൈൽഡ് ലൈഫ് സർവീസ് അവാർഡ് തുടങ്ങിയ അംഗീകാരങ്ങളുടെ നീണ്ട പട്ടികയിലിപ്പോൾ സംസ്ഥാന സർക്കാരിന്റെ 'കേരളശ്രീ പുരസ്കാരവും. ഭാര്യ: ഡോ.അനിത, മക്കൾ: അഞ്ജു പാർവതി (പെൻസിൽവേനിയ യൂണിവേഴ്സിറ്റി), കല്യാണി (ബി.ഡി.എസ് വിദ്യാർത്ഥി, അമൃത യൂണിവേഴ്സിറ്റി, കൊച്ചി).