
ന്യൂഡൽഹി: കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യയെ
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) അറസ്റ്റ് ചെയ്തു. സൗമ്യയെ നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ജൂലായിൽ സൗമ്യയുടെ വീട്ടിൽ നിന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഭരണങ്ങളും കണക്കിൽപ്പെടാത്ത പണവും ഇ.ഡി പിടിച്ചെടുത്തിരുന്നു.
ഛത്തീസ്ഗഡിൽ നിന്ന് കടത്തുന്ന കൽക്കരിക്ക് ടണ്ണിന് 25 രൂപ വീതം അനധികൃത ലെവി ഈടാക്കി 150 കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആദായനികുതി വകുപ്പിന്റെ പരാതിയിലാണ് ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. 2020 ഫെബ്രുവരിയിൽ സൗമ്യയുടെ വീട്ടിൽ ആദായ നികുതി വകുപ്പും റെയ്ഡ് നടത്തിയിരുന്നു. മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായികൾ, രാഷ്ട്രീയക്കാർ, ഇടനിലക്കാർ തുടങ്ങിയവർ കേസിൽ പ്രതികളാണ്. ഒക്ടോബറിൽ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരും അറസ്റ്റിലായി.
,
ഇ.ഡിയും ആദായനികുതി ഉദ്യോഗസ്ഥരും കസ്റ്റഡിയിലെടുത്ത വ്യവസായികളെയും ഉദ്യോഗസ്ഥരെയും മർദ്ദിച്ചതായി കഴിഞ്ഞയാഴ്ച ബാഗേൽ ട്വീറ്റ് ചെയ്തിരുന്നു. ലോക്കൽ പൊലീസിനെ അറിയിക്കാതെ കസ്റ്റഡിയിലെടുത്ത് രാത്രി വൈകുവോളം ഭക്ഷണവും വെള്ളവും നൽകാതെ മർദ്ദിച്ചെന്നും അദ്ദേഹം ആരോപിച്ചു.