
ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന ഒരു ഫെമിനിസ്റ്റ് രേഖയാണെന്നും യഥാർത്ഥത്തിൽ ഇന്ത്യൻ ഭാവനയുടെ ഉത്പന്നമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. സാർവത്രിക പ്രായപൂർത്തി വോട്ടവകാശം സ്‌ത്രീകളെ ശാക്തീകരിച്ചു. ജനാധിപത്യത്തിൽ വ്യക്തിത്വവും വിശ്വാസവും സ്ഥാപിക്കാൻ സഹായിച്ചു. ഡോ.എൽ.എം സിംഗ്‌വി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാമൂഹിക അസമത്വങ്ങൾ നീക്കാൻ രാഷ്ട്രീയ സമത്വം മതിയാകില്ലെന്ന് ഭരണഘടന സ്രഷ്ടാക്കൾക്ക് അറിയാമായിരുന്നു. പാർശ്വവത്കരിക്കപ്പെട്ടവർക്ക് അവരുടെ അവകാശങ്ങൾ നൽകിയത് ഭരണഘടനയാണ്. അങ്ങനെ നേരത്തെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടവർ ആര് അധികാരത്തിൽ വരണമെന്ന് തീരുമാനിക്കുന്നതിലും പാർലമെന്റിന്റെ ഘടന നിർണ്ണയിക്കുന്നതിലും ഒരു നിർണ്ണായക ശക്തിയായി മാറി.