
ന്യൂഡൽഹി: ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ സുപ്രീംകോടതിയിൽ എതിർത്ത് ഗുജറാത്ത് സർക്കാർ. കത്തിയ ട്രെയിനിൽ നിന്ന് യാത്രക്കാർ രക്ഷപ്പെടുന്നത് തടഞ്ഞവർക്ക് ജാമ്യം നൽകരുതെന്ന് ഗുജറാത്തിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ജാമ്യാപേക്ഷ ഡിസംബർ 15ന് കോടതി പരിഗണിക്കും.
ട്രെയിനിനു നേരെ കല്ലെറിഞ്ഞ കേസിൽ 17-18 വർഷം ജയിലിൽ കഴിഞ്ഞതിനാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ തടസ്സമെന്തെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് പി.എസ്. നരസിംഹവും ഉൾപ്പെട്ട ബെഞ്ച് ചോദിച്ചപ്പോഴാണ് അവർ കല്ലെറിഞ്ഞവർ മാത്രമല്ലെന്നും കത്തുന്ന കോച്ചിൽ നിന്ന് ആളുകൾ രക്ഷപ്പെടുന്നത് തടഞ്ഞവരാണെന്നും തുഷാർ മേത്ത ചൂണ്ടിക്കാട്ടിയത്. സംഭവത്തിൽ ഒാരോ പ്രതികളുടെയും പങ്ക് എന്താണെന്ന് വ്യക്തമാക്കാൻ സംസ്ഥാനത്തോട് കോടതി ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ജാമ്യാപേക്ഷ പരിഗണിക്കും.
കേസിലെ ഫറൂഖ് എന്ന പ്രതിയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്‌ച കോടതിയിൽ ലിസ്റ്റ് ചെയ്‌തിരുന്നു. കേസ് ജനുവരിയിലേക്ക് മാറ്റാൻ സോളിസിറ്റർ ജനറൽ അഭ്യർത്ഥിച്ചപ്പോൾ ഫറൂഖിന്റെ അഭിഭാഷകൻ എതിർത്തു. 15 പ്രതികളുടെ ജാമ്യാപേക്ഷയും പരിഗണിക്കണമെന്ന് അവരുടെ അഭിഭാഷകനും ആവശ്യപ്പെട്ടു. 2018ൽ സ്‌പെഷ്യൽ ലീവ് പെറ്റീഷനുകൾക്കൊപ്പം ജാമ്യാപേക്ഷ നൽകിയതാണെന്നും അദ്ദേഹം അറിയിച്ചു. പ്രധാന അപ്പീലുകൾക്കൊപ്പം ജാമ്യാപേക്ഷകളും പരിഗണിക്കാൻ ഉത്തരവിട്ട സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. എങ്കിൽ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കേണ്ടതുണ്ടെന്ന് പറഞ്ഞ കോടതി കേസ് ഡിസംബർ 15ലേക്ക് മാറ്റി.
അയോദ്ധ്യയിൽ നിന്ന് കർസേവകരുമായി വരികയായിരുന്നസബർമതി എക്‌സ്‌പ്രസിന്റെ എസ് -6 കോച്ചിലുണ്ടായ തീപിടിത്തത്തിൽ 58 പേർ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 27ന് ഗോധ്രയിലുണ്ടായ സംഭവമാണ് ഗുജറാത്ത് കലാപത്തിലേക്ക് നയിച്ചത്. 2011 മാർച്ചിൽ വിചാരണക്കോടതി 31 പേരെ കുറ്റക്കാരായി കണ്ടെത്തി. 11 പേർക്ക് വധശിക്ഷയും 20 പേർക്ക് ജീവപര്യന്തം തടവും വിധിച്ചു. 63 പ്രതികളെ വെറുതേ വിട്ടു. 2017ൽ ഗുജറാത്ത് ഹൈക്കോടതി 11 പേരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്‌തു. 20 പേരുടെ ശിക്ഷ ശരിവച്ചു. ഭാര്യയുടെ അസുഖവും പെൺമക്കൾ ഭിന്നശേഷിക്കാരായതും കണക്കിലെടുത്ത് പ്രതികളിലൊരാൾക്ക് സുപ്രീംകോടതി അടുത്ത മാർച്ച് വരെ ജാമ്യം അനുവദിച്ചിട്ടുണ്ട്.