chinmayaanand

ന്യൂഡൽഹി: ശിഷ്യയ്‌ക്കെതിരായ ലൈംഗിക പീഡന കേസിൽ മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ സരസ്വതിയെ അറസ്റ്റ് ചെയ്ത് ഡിസംബർ 9 ന് ഹാജരാക്കാൻ ഉത്തർപ്രദേശിലെ പ്രത്യേക എംപി-എം.എൽ.എ കോടതി പോലീസിന് നിർദ്ദേശം നൽകി. നവംബർ 30നകം ഷാജഹാൻപൂർ കോടതിയിൽ ഹാജരാകാൻ അദ്ദേഹത്തിന് സുപ്രീം കോടതി നിർദേശം നൽകിയതാണ്.

ചിന്മയാനന്ദയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഡിസംബർ ആറിന് പരിഗണിക്കുന്നതിനാൽ ഹാജരാകാൻ സമയം നൽകണമെന്ന ആവശ്യം ജഡ്ജി അസ്മ സുൽത്താന തള്ളി. നവംബർ 30ന് കീഴടങ്ങാനുള്ള സുപ്രീംകോടതി നിർദ്ദേശം പാലിക്കാത്ത സാഹചര്യത്തിൽ കാലാവധി നീട്ടാനാകില്ലെന്ന് ജഡ്ജി പറഞ്ഞു.

മുമുക്ഷു ആശ്രമ സ്ഥാപകൻ ചിന്മയാനന്ദനെതിരെ 2011ലാണ് ശിഷ്യയുടെ പരാതിയിൽ ലൈംഗികാതിക്രമത്തിന് കേസെടുത്തത്. വാജ്‌പേയ് സർക്കാരിൽ ആഭ്യന്തര സഹമന്ത്രിയായിരുന്ന അദ്ദേഹത്തിനെതിരായ കേസ് പിൻവലിക്കാൻ ഉത്തർപ്രദേശിൽ ബി.ജെ.പി അധികാരത്തിൽ വന്നതിന് പിന്നാലെ നീക്കം തുടങ്ങിയിരുന്നു. 2018ൽ ഉത്തർപ്രദേശ് സർക്കാർ ജില്ലാ മജിസ്‌ട്രേട്ട് മുഖേന കോടതിക്ക് കത്തയച്ചെങ്കിലും പരാതിക്കാരി എതിർത്തു. തുടർന്ന് അപേക്ഷ തള്ളിയ കോടതി പ്രതിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കേസ് പിൻവലിപ്പിക്കാനുള്ള ചിന്മയാനന്ദന്റെ അപ്പീൽ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതാണ്.