bjp

ന്യൂഡൽഹി: ബി.ജെ.പിയുടെ പ്രധാന ഭാരവാഹികൾ പങ്കെടുക്കുന്ന നിർണായക യോഗം ഡൽഹിയിൽ 5, 6 തീയതികളിൽ നടക്കും. 2024ലെ ലോക്‌സഭാ, 2023ലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച ചർച്ചയാണ് പ്രധാന അജണ്ട. ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ അദ്ധ്യക്ഷത വഹിക്കുന്ന ദ്വിദിന യോഗത്തിന്റെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.

ഗുജറാത്തിലെയും ഡൽഹിയിലെയും പരസ്യ പ്രചാരണ തിരക്കുകൾ കഴിഞ്ഞ സാഹചര്യത്തിലാണ് ഭാവി തന്ത്രങ്ങൾ ചർച്ച ചെയ്യാൻ ദേശീയ,സംസ്ഥാന ഭാരവാഹികൾ, സഹഭാരവാഹികൾ, സംസ്ഥാന അദ്ധ്യക്ഷന്മാർ, ജനറൽ സെക്രട്ടറിമാർ തുടങ്ങിയവരുടെ യോഗം നടക്കുന്നത്.
സർക്കാരിന്റെ നേട്ടങ്ങൾ, സംഘടനയെ ശക്തിപ്പെടുത്തൽ, പ്രവർത്തനങ്ങളുടെ അവലോകനം എന്നിവയുണ്ടാകും. ഇന്ത്യയ്ക്ക് ലഭിച്ച ജി20 അദ്ധ്യക്ഷസ്ഥാനം പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിന് ലഭിക്കുന്ന ആഗോള സ്വാധീനത്തിന്റെ തെളിവാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ള പരിപാടികൾ രൂപപ്പെടുത്തും.