
ന്യൂഡൽഹി:ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. വടക്ക്,മദ്ധ്യ ഗുജറാത്തിലെ 93 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ് റാണിപിലെ നിഷാൻ ഹൈസ്കൂളിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തും. 93 മണ്ഡലങ്ങളിലായി 833 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 2017ൽ 93 സീറ്റുകളിൽ ബി.ജെ.പി 51ഉം കോൺഗ്രസ് 39 ഉം സ്വതന്ത്രർ മൂന്ന് സീറ്റുകളുമാണ് നേടിയത്. മദ്ധ്യ ഗുജറാത്തിൽ 22ഉം വടക്കൻ ഗുജറാത്തിൽ 17ഉം സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. സൗരാഷ്ട്ര, കച്ച്, ദക്ഷിണ ഗുജറാത്ത് മേഖലകളിലായി 89 സീറ്റുകളിലെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് ഡിസംബർ ഒന്നിന് നടന്നു. 63.31 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഗുജറാത്ത് നിയമസഭയിൽ 182 സീറ്റുകളിലാണുള്ളത്.