
ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടുമണിക്ക് തുടങ്ങും. ഒരു മണിക്കൂറിനുള്ളിൽ ഫലസൂചനകൾ ലഭിക്കും. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്ക് ഡിസംബർ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടമായും ഹിമാചൽ പ്രദേശിലെ 68 സീറ്റുകളിലേക്ക് ഒറ്റഘട്ടമായി നവംബർ 12നുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
27 വർഷം ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പി അധികാര തുടർച്ച നേടുമെന്നാണ് എക്‌സിറ്റ് പോൾ സർവെ ഫലങ്ങൾ. ഭരണകക്ഷിയായ ബി.ജെ.പിക്കും പ്രതിപക്ഷമായ കോൺഗ്രസിനും വെല്ലുവിളിയുയർത്തിയ ആംആദ്‌മി പാർട്ടിക്ക് അക്കൗണ്ട് തുറക്കാനായാൽ അത് വലിയ നേട്ടമാകും. ഹിമാചൽ പ്രദേശിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷമായ കോൺഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും സർവെകൾ പറയുന്നു. 35 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 2017ൽ ബി.ജെ.പി 44ഉം കോൺഗ്രസ് 21ഉം സീറ്റുകളാണ് നേടിയത്.