ന്യൂഡൽഹി: പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ ആവിഷ്‌കരിക്കുന്ന ടൂറിസം പദ്ധതി നടപ്പാക്കാൻ കേരളത്തിലെ പ്രവർത്തനം നിറുത്തിയ കണ്ണൂർ, പൊന്നാനി, ചേറ്റുവ, വൈപ്പിൻ, മനക്കോടം, ആലപ്പുഴ, വലിയഴീക്കൽ,തങ്കശ്ശേരിപോയിന്റ്, അഞ്ചുതെങ്ങ്, വിഴിഞ്ഞം എന്നീ 10 ലൈറ്റ്‌ഹൗസുകൾ തിരഞ്ഞെടുത്തു. ഇന്ത്യയിലാകെ 65 ലൈറ്റ് ഹൗസുകളാണ് പദ്ധതിയിലുള്ളതെന്ന് കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ ലോക്‌സഭയിൽ അറിയിച്ചു.
ഇവയുടെ തീരദേശ നിയന്ത്രണ മേഖല (സി.ആർ.ഇസഡ്) മാപ്പിംഗ് പൂർത്തിയായി. കണ്ണൂർ ലൈറ്റ് ഹൗസ് ഉൾപ്പെടെ ആറെണ്ണത്തിന്റെ സി ആർ ഇസഡ് ക്ലിയറൻസ് നടപടികളും തുടങ്ങി. നാലെണ്ണം നോ ഡെവലപ്‌മെന്റ് സോണിലായതിനാൽ സ്ഥിരമായ കെട്ടിടങ്ങൾ നിർമ്മിക്കാനാകില്ല. പരിസ്ഥിതി അനുമതികൾ അടക്കം ലഭിച്ച് രണ്ട് വർഷത്തിനുള്ളിൽ പദ്ധതികൾ പൂർത്തിയാക്കും. കേരളത്തിലെ ലൈറ്റ് ഹൗസ് ടൂറിസം പദ്ധതികൾ ഏറ്റെടുക്കാൻ 11 സ്വകാര്യ കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.