pt-usha

ഐ.ഒ.എയെ കായികതാരങ്ങളുടെ ഇടമാക്കും

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ (ഐ.ഒ.എ) ആദ്യ വനിതാ പ്രസിഡന്റായി ഇതിഹാസ കായിക താരവും രാജ്യസഭാ എം.പിയുമായ ഒളിമ്പ്യൻ പി.ടി ഉഷ ചുമതലയേറ്റു. ഐ.ഒ.എയുടെ 95 വർഷത്തെ ചരിത്രത്തിൽ തലപ്പത്തെത്തുന്ന ആദ്യ ഒളിമ്പ്യനും ആദ്യ അന്താരാഷ്‌ട്ര മെഡൽ ജേതാവും ആദ്യ മലയാളിയുമാണ് 58 കാരിയായ ഉഷ.

കായിക താരങ്ങൾക്കും അസോസിയേഷനുകൾക്കും സമീപിക്കാനാവുന്ന ഇടമാക്കി ഐ.ഒ.എയെ മാറ്റുമെന്ന് ഉഷ പറഞ്ഞു. ഭരണ സമിതിയിൽ കൂടുതൽ വനിതകളും കായിക താരങ്ങളും എത്തുന്നതിൽ സന്തോഷമുണ്ട്. ഒരു കായിക താരം വളർന്നു വരാനുള്ള ബുദ്ധിമുട്ട് തനിക്ക് നന്നായി അറിയാം. അത് മനസ്സിലാക്കിത്തന്നെ മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു.

സീനിയർ വൈസ് പ്രസിഡന്റായി അജയ് എച്ച് പട്ടേലും

വൈസ് പ്രസിഡന്റുമാരായി ഗഗൻ നാരംഗ്, രാജ് ലക്ഷ്മി സിംഗ് ദേവ് എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

മറ്റ് ഭാരവാഹികൾ: സഹേദേവ് യാദവ് (ട്രഷറർ),

കല്യാൺ ചൗബെ, അളകനന്ദാ അശോക് (ജോയിന്റ് സെക്രട്ടറിമാർ), യോഗേശ്വർ ദത്ത, ഡോല ബാനർജി, രോഹിത് രാജ്പാൽ, ജനറൽ ഹർപാൽ, ഭൂപേന്ദ്ര ബജ്‌വ, അമിതാഭ് ശർമ്മ (എക്‌സിക്യൂട്ടീവ് കമ്മിറ്റി)

ഈ മാസം തിരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ ഐ.ഒ.എയെ സസ്‌പെൻഡ് ചെയ്യുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവും 1984 ഒളിമ്പിക്‌സ് നാലാം സ്ഥാനക്കാരിയുമായ ഉഷ രംഗത്തുവന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും പത്രിക നൽകിയിരുന്നില്ല.

കഴിഞ്ഞ ജൂലായിലാണ് ഉഷയെ കേന്ദ്രസർക്കാർ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്‌തത്.