sukhvinder

ന്യൂഡൽഹി: വർഷങ്ങൾ സംസ്ഥാനത്തെ നയിച്ച മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അന്തരിച്ച വീരഭദ്ര സിംഗിന്റെ രാജപൈതൃക പാരമ്പര്യത്തെ മറികടന്നാണ് താഴെത്തട്ടിൽ നിന്നെത്തിയ ജനകീയ നേതാവ് സുഖ്‌വീന്ദർ സിംഗ് സുഖുവിനെ ഹൈക്കമാൻഡ് ഹിമാചലിനെ നയിക്കാനെത്തിക്കുന്നത്. കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ എൻ.എസ്.യു.ഐയിലൂടെ പടിപടിയായുർന്ന നേതാവാണ് സുഖ്‌വീന്ദർ സിംഗ് സുഖു. സുഖ്‌വീന്ദറിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ സംസ്ഥാനത്തെ ഏറ്റവും വലിയ പദവിയിലെത്തിച്ച് കുടുംബപാരമ്പര്യം തുടരുന്ന പാർട്ടിയെന്ന ആരോപണം ഒഴിവാക്കാനും ഹൈക്കമാൻഡിന് കഴിഞ്ഞു. 2013 ഏപ്രിലിൽ വീരഭദ്ര സിംഗിന്റെ പിൻഗാമിയായി പി.സി.സി അദ്ധ്യക്ഷനായെത്തിയതും സുഖ്‌വിന്ദർ സിംഗായിരുന്നു.

രാഹുൽ ഗാന്ധി ദേശീയ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തപ്പോൾ രാഹുൽ ബ്രിഗേഡിലെ പ്രമുഖ അംഗമായി അദ്ദേഹം മാറി. എന്നാൽ വീരഭ്രസിംഗിന്റെ പാരമ്പര്യത്തിൽ നിന്ന് വ്യത്യസ്‌തമായി പാർട്ടിക്ക് മറ്റൊരു മേൽവിലാസമുണ്ടാക്കാൻ ശ്രമിച്ചതോടെ ഒരു വിഭാഗത്തിന്റെ കണ്ണിലെ കരടായി. വിഭാഗീയത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് വന്നപ്പോൾ 2019 ജനുവരിയിൽ അദ്ദേഹത്തെ മാറ്റി കുൽദീപ് റാത്തോറിനെ അദ്ധ്യക്ഷനാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിൽ സുഖ്‌വിന്ദറിനെ പ്രചാരണ സമിതി അദ്ധ്യക്ഷനാക്കിയ ഹൈക്കമാൻഡ് അദ്ദേഹത്തിലുള്ള വിശ്വാസം പ്രകടമാക്കിയിരുന്നു. പി.സി.സി അദ്ധ്യക്ഷ പ്രതിഭാ സിംഗിന്റെ നേതൃത്വത്തിലാണ് പാർട്ടി 40 സീറ്റു നേടി ഭരണത്തിൽ തിരിച്ചെത്തിയതെങ്കിലും എം.എൽ.എമാരുടെ പിന്തുണ കൂടി കണിക്കിലെടുത്താണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. വീരഭദ്രസിംഗിനെപ്പോലെ ഹിമാചലിലെ പ്രബലരായ താക്കൂർ / രാജ്പുത് സമുദായാംഗമാണ് സുഖ്‌വിന്ദർസിംഗും. പ്രേംകുമാർ ധുമാലിന് ശേഷം ഹമീർപൂരിൽ നിന്നുള്ള രണ്ടാമത്തെ മുഖ്യമന്ത്രിയാണ് സുഖ്‌വിന്ദർ.

സുഖ്‌വീന്ദർ സിംഗ് സുഖു

 1980കളിൽ ഹിമാചൽ പ്രദേശ് സർവകലാശാലയിലെ ആക്‌ടിവിസ്റ്റുകളിൽ പ്രമുഖൻ

 മികച്ച അഭിഭാഷകൻ

 സുഖ്‌വീന്ദറിന്റെ നേതൃത്വത്തിൽ എൻ.എസ്.യു.ഐ കാമ്പസുകളിൽ വലിയ വേരോട്ടമുണ്ടായി

 2000ൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ

 ആപ്പിൾ കൃഷിക്ക് പേരുകേട്ട ഹമീർപൂർ ജില്ലയിലെ നദൗനിൽ നിന്നുള്ള നേതാവ്

 രണ്ടുതവണ തലസ്ഥാനമായ സിംല മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വിജയം

 2008ൽ സംസ്ഥാന ഘടകത്തിന്റെ സെക്രട്ടറി

 2013 ഏപ്രിലിൽ പി.സി.സി അദ്ധ്യക്ഷൻ

 നദൗനിൽ നിന്ന് നാലുതവണ എം.എൽ.എ
 2019 ജനുവരിയിൽ അദ്ധ്യക്ഷ പദവി ഒഴിഞ്ഞു

 2022ൽ പ്രചാരണ സമിതി അദ്ധ്യക്ഷൻ

 ഹമീർപൂരിൽ നിന്നുള്ള രണ്ടാമത്തെ മുഖ്യമന്ത്രി