sukh

ന്യൂഡൽഹി: തർക്കങ്ങൾ താത്‌കാലികമായി പരിഹരിച്ച് കോൺഗ്രസ് നേതൃത്വം ഹിമാചൽ പ്രദേശിൽ മുൻ പി.സി.സി അദ്ധ്യക്ഷൻ സുഖ്‌‌വിന്ദർ സിംഗ് സുഖുവിനെ (58) മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. മുൻ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി ഉപമുഖ്യമന്ത്രിയാകും. ഇന്നുരാവിലെ സിംലയിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യും.
ഇന്നലെ വൈകിട്ട് സിംലയിൽ ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ സുഖ്‌വിന്ദർ സിംഗിനെ നേതാവായി തിരഞ്ഞെടുത്തിരുന്നു. തുടർന്ന് കേന്ദ്ര നിരീക്ഷകരായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ, എ.ഐ.സി.സി നേതാവ് രാജീവ് ശുക്ള എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രി പദത്തിന് അവകാശവാദമുന്നയിച്ച പി.സി.സി അദ്ധ്യക്ഷയും അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്രസിംഗിന്റെ പത്‌നിയുമായ പ്രതിഭാ സിംഗും ഒപ്പമുണ്ടായിരുന്നു.

68 അംഗ നിയമസഭയിൽ 40 സീറ്റിൽ ജയിച്ച് ഭൂരിപക്ഷം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി പദത്തിനായി പ്രതിഭാസിംഗും സുഖ്‌വീന്ദർ സിംഗും തമ്മിൽ വടംവലി നടത്തിയത് കോൺഗ്രസ് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കിയിരുന്നു. വീരഭദ്രസിംഗിന്റെ പാരമ്പര്യത്തെയും പ്രതിഭാ സിംഗിനെ അവഗണിക്കുക എളുപ്പമല്ലായിരുന്നെങ്കിലും പകുതിയിലധികം എം.എൽ.എമാർ പിന്തുണച്ചതും രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും നിലപാടുകളും സുഖ്‌വിന്ദറിന് നേട്ടമായി. മാണ്ഡി ലോക്‌സഭാ എം.പിയായ പ്രതിഭയെ മുഖ്യമന്ത്രിയാക്കിയാൽ ഉപതിരഞ്ഞെടുപ്പിന് വഴിതെളിക്കുമെന്നതും പരിഗണിച്ചു. അതോടെ തർക്കം നീട്ടാതെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു.

ബ്രാഹ്മണ വിഭാഗത്തിനും പ്രാതിനിദ്ധ്യം

സുഖ്‌വിന്ദറിലൂടെ ഹിമാചലിലെ പ്രബലരായ താക്കൂർ / രജ്‌പുത് വിഭാഗത്തിനും ഉപമുഖ്യമന്ത്രി മുകേഷ് അഗ്‌നിഹോത്രിയിലൂടെ ബ്രാഹ്‌മണ വിഭാഗത്തിനും സർക്കാരിൽ പ്രാതിനിദ്ധ്യമായി. പ്രതിഭാ സിംഗിന്റെ മകൻ വിക്രമാദിത്യ സിംഗിന് മന്ത്രിസ്ഥാനം ലഭിച്ചേക്കും. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പ്രതിഭയുടെ അനുയായികൾ പ്രതിഷേധം തുടരുകയാണ്. ആപ്പിൾ കൃഷിക്ക് പേരുകേട്ട ഹമീർപൂരിലെ നദൗൻ മണ്ഡലത്തിൽ നിന്ന് നാലാം തവണയും ജയിച്ച സുഖ്‌വിന്ദർ സിംഗ് കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ എൻ.എസ്.യു.ഐയിലൂടെ ഉയർന്നുവന്ന നേതാവാണ്. യൂത്ത് കോൺഗ്രസ് നേതൃത്വത്തിലും കഴിവു തെളിയിച്ചു. 2013 മുതൽ ആറുവർഷം പി.സി.സി അദ്ധ്യക്ഷനായിരുന്നു. വീരഭദ്രസിംഗിന്റെ എതിരാളിയായാണ് പാർട്ടിയിൽ ഉയർന്നുവന്നത്.