
ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ സർക്കാർ രൂപീകരണത്തിനുള്ള നീക്കവുമായി ഭൂപേന്ദ്ര പട്ടേൽ. അതിനായി ഗവർണർ ആചാര്യ ദേവവ്രതുമായി അദ്ദേഹം ഇന്നലെ കൂടിക്കാഴ്ച നടത്തി. സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ സി.ആർ പാട്ടീൽ, മുൻ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഡൽഹിയിൽ കേന്ദ്ര നേതാക്കളുമായി നടക്കുന്ന ചർച്ചയിൽ മന്ത്രിമാരായി പരിഗണിക്കുന്നവരുടെ കാര്യം അവതരിപ്പിച്ചേക്കും. മന്ത്രിസഭയിലെ മിക്ക അംഗങ്ങളെയും നിലനിറുത്തുമെന്നാണ് സൂചന. മോർബിയിൽ നിന്ന് ജയിച്ച കാന്തിലാൽ അമൃതിയ അടക്കമുള്ള പുതുമുഖങ്ങളും ഇടം നേടിയേക്കും. നാളെ ഉച്ചയ്‌ക്ക് രണ്ടിന് ഹെലിപാഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ പതിനെട്ടാമത് മുഖ്യമന്ത്രിയായി പട്ടേൽ സത്യപ്രതിജ്ഞ ചെയ്യും.
ഇന്നലെ ഗാന്ധിനഗറിലെ പാർട്ടി ആസ്ഥാനത്ത് നടന്ന എം.എൽ.എമാരുടെ യോഗത്തിൽ നിയമസഭാ കക്ഷി നേതാവായി ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തിരുന്നു.