p

ന്യൂഡൽഹി : ജീവകാരുണ്യ സഹായങ്ങൾ ഐക്യരാഷ്‌ട്ര സഭയുടെ ഉപരോധത്തിൽ നിന്ന് ഒഴിവാക്കാൻ അമേരിക്കയും അയർലൻഡും രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടു നിന്നതിന്

വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ പ്രശംസിച്ച് കോൺഗ്രസ് എം. പി ശശി തരൂർ.

ഇന്ത്യൻ നിലപാട് വിശദീകരിച്ച യു. എന്നിലെ സ്ഥിരം പ്രതിനിധി രുചിര കാംബോജിന്റെ പ്രസ്താവനയെയും ജയശങ്കറിനെയും ട്വിറ്ററിലാണ് തരൂർ അഭിനന്ദിച്ചത്.

പാകിസ്ഥാനിലെ ഭീകരഗ്രൂപ്പുകളായ ലഷ്‌കറെ തയ്ബയും ജയ്ഷെ മുഹമ്മദും ഉപരോധം പ്രഹസനമാക്കി, ജീവകാരുണ്യ സഹായങ്ങൾ മുതലെടുക്കുന്നതിലാണ് ആശങ്കയെന്ന് രുചിര കാംബോജ് വ്യക്തമാക്കി. പാക് ഭീകര സംഘടനകൾ ഉപരോധത്തിൽ നിന്ന് രക്ഷപ്പെടാൻ ജീവകാരുണ്യ സംഘടനകളായും സന്നദ്ധ സംഘടനകളായും വേഷം മാറുന്നു. ഇവർ ജീവകാരുണ്യ സഹായങ്ങളുടെ മറവിൽ പണം സമാഹരിക്കുന്നു,​ ഭീകരരെ റിക്രൂട്ട് ചെയ്യുന്നു. രക്ഷാസമിതി നിരോധിച്ച ഗ്രൂപ്പുകൾ ഭീകരരുടെ പറുദീസകളായി ലോകം അംഗീകരിച്ച രാജ്യങ്ങളിൽ അവിടത്തെ സർക്കാരുകളുടെ ആതിഥേയത്വത്തിൽ കഴിയുന്നുണ്ടെന്ന് പാകിസ്ഥാനെ പേരെടുത്തു പറയാതെ രുചിര കാംബോജ് ചൂണ്ടിക്കാട്ടി. അത്തരം സംഘടനകൾക്ക് മാനുഷിക സഹായങ്ങൾ നൽകുമ്പോൾ ജാഗ്രത വേണമെന്നും അവർ പറഞ്ഞു.

യു. എന്നിന്റെ നിലവിലുള്ളതും ഭാവിയിൽ നടപ്പാക്കുന്നതുമായ എല്ലാ ഉപരോധങ്ങളിൽ നിന്നും ജീവകാരുണ്യ സഹായങ്ങളെ ഒഴിവാക്കുന്നതാണ് പ്രമേയം. രക്ഷാസമിതി അദ്ധ്യക്ഷനായ ഇന്ത്യ ഒഴികെ പതിന്നാല് രാജ്യങ്ങളുടെ പിന്തുണയോടെ പ്രമേയം അംഗീകരിച്ചു.

വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള രാജ്യത്തിന്റെ തീരുമാനത്തിൽ താൻ പൂർണ്ണമായും യോജിക്കുന്നു. പ്രമേയത്തിലെ മാനുഷികമായ ആശങ്കകൾ മനസ്സിലാക്കുമ്പോഴും വിട്ടു നിൽക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ച കാരണങ്ങളോട് യോജിക്കുന്നു. രുചിര കാംബോജ് പറഞ്ഞതിന് തെളിവുകൾക്കായി നാം അതിർത്തിക്കപ്പുറം മറ്റെങ്ങും നോക്കേണ്ടതില്ല. വെൽഡൺ ഡോ. എസ് ജയശങ്കർ.

---ശശി തരൂർ എം.പി