
ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ പരാജയത്തെ തുടർന്ന് ബി.ജെ.പി ഡൽഹി പ്രദേശ് അദ്ധ്യക്ഷൻ ആദേശ് ഗുപ്ത രാജിവച്ചു. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ നിർദ്ദേശത്തെ തുടർന്നാണ് രാജി. ആദേശ് ഗുപ്തയ്ക്ക് പകരം പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റായി വീരേന്ദ്ര സച്ച്ദേവയെ നിയമിച്ചു. നിലവിൽ പാർട്ടി വൈസ് പ്രസിഡന്റാണ് സച്ച്ദേവ്. കഴിഞ്ഞ മൂന്ന് തവണ തുടർച്ചയായി ബി.ജെ.പി ഭരിക്കുന്ന 15,000 കോടി രൂപ ബഡ്ജറ്റുള്ള ഡൽഹി കോർപ്പറേഷന്റെ ഭരണം ആം ആദ്മി പാർട്ടി പിടിച്ചെടുത്തിരുന്നു. 2020 ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് മനോജ് തിവാരി എം.പിയെ മാറ്റിയാണ് ആദേശ് ഗുപ്തയെ ഡൽഹി സംസ്ഥാന പ്രസിഡന്റാക്കിയത്. ഇദ്ദേഹത്തിന്റെ കാലാവധി അടുത്ത വർഷം അവസാനിക്കുമെങ്കിലും രാജ്യ തലസ്ഥാനത്തെ കോർപ്പറേഷനിലുണ്ടായ പരാജയം ഗൗരവമായി കണ്ടാണ്
നടപടി. ആദേശ് ഗുപ്ത അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം നടന്ന രണ്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും പാർട്ടി പരാജയപ്പെട്ടതാണ് അദ്ദേഹത്തിന് വിനയായത്. ഈ തിരഞ്ഞെടുപ്പുകളിലെല്ലാം പൊതുവെ ബി.ജെ.പിയുടെ വോട്ട് വിഹിതം വർദ്ധിച്ചെങ്കിലും മദ്ധ്യവർഗ്ഗ ജനത കൂടുതലുള്ള ചില മേഖലകളിൽ കുറഞ്ഞ തോതിലെങ്കിലും വോട്ട് കുറഞ്ഞത് പാർട്ടിയെ വിജയത്തിലേക്ക് നയിക്കാൻ കഴിയാതെ പോയി. കഴിഞ്ഞ കോർപ്പറേഷൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂന്ന് ശതമാനം വോട്ട് വർദ്ധനയുണ്ടായിട്ടും 104 സീറ്റുകൾ നേടാനേ പാർട്ടിക്ക് കഴിഞ്ഞുള്ളൂ. 500 വോട്ടിൽ താഴെയുള്ള 10 വാർഡുകളുൾപ്പെടെ 1000 ൽ താഴെ വോട്ടിന് തോറ്റ 24 വാർഡുകളുണ്ട്. ഇവിടെ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിലുള്ള വീഴ്ച്ചയാണ് തിരിച്ചടിയായതെന്നും ദേശീയ നേതൃത്വം വിലയിരുത്തുന്നു. 2024ലെ ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര നേതൃത്വത്തിന്റെ നടപടിയെ കാണുന്നത്.
ഡൽഹി എം.സി.ഡി തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വയ്ക്കുന്നു.
ആദേശ് ഗുപ്ത
പ്രസിഡന്റ്
ബി.ജെ.പി, ഡൽഹി
ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ നിർദ്ദേശ പ്രകാരം ഡൽഹി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തു നിന്നുള്ള ആദേശ് ഗുപ്തയുടെ രാജി സ്വീകരിക്കുന്നു.
അരുൺ സിംഗ്
ദേശീയ ജനറൽ സെക്രട്ടറി ബി.ജെ.പി.