bhupendra

ന്യൂഡൽഹി: ഡൽഹി കോർപ്പറേഷനിലെ കൗൺസിലർമാരെ കൂറുമാറ്റാനുള്ള നീക്കത്തെ ചൊല്ലി ബി.ജെ.പി - എ.എ.പി പോര് തുടരവെ ഗുജറാത്തിലെ എ.എ.പി എം.എൽ.എ ബി.ജെ.പിയിൽ ചേരാനൊരുങ്ങുന്നു. നേരത്തെ ബി.ജെ.പി ക്കാരനായിരുന്ന ഭൂപത് ഭയാനി എം.എൽ.എയാണ് ബി.ജെ.പിയിൽ തിരിച്ചെത്താൻ നീക്കം തുടങ്ങിയത്. എന്നാൽ, ബി.ജെ.പിയിൽ ചേർന്നിട്ടില്ലെന്നും ബി.ജെ.പിയിൽ ചേരണമോയെന്ന് പൊതുജനങ്ങളുമായി സംസാരിച്ച് അവരുടെ താത്പര്യമനുസരിച്ച് തീരുമാനമെടുക്കുമെന്നും ഭൂപത് ഭയാനി പറഞ്ഞു.

ബി.ജെ.പിയെ പുറത്ത് നിന്ന് പിന്തുണയ്ക്കും. ശക്തി കുറഞ്ഞ പ്രതിപക്ഷ ബെഞ്ചിലിരുന്ന് തന്നെ തിരഞ്ഞെടുത്ത ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ല. മണ്ഡലത്തിലെ കർഷകർക്കും വ്യാപാരികൾക്കും വേണ്ടി ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്. സർക്കാരുമായി നല്ല ബന്ധമില്ലാതെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല. ഗുജറാത്ത് ജനത നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും റെക്കോഡ് ജനവിധിയാണ് നൽകിയത്. താൻ അത് ബഹുമാനിക്കുന്നു. നേരത്തെ ബി.ജെ.പിയോടൊപ്പമായിരുന്നു. നേതാക്കളുമായി നല്ല ബന്ധമുണ്ടെന്നും ഭയാനി പറഞ്ഞു. വിശ്വദാർ മണ്ഡലത്തിൽ നിന്നാണ് ഭയാനി തിരഞ്ഞെടുക്കപ്പെട്ടത്.

ആം ആദ്മി പാർട്ടിയുടെ അഞ്ച് എം.എൽ.എമാരുമായും ബി.ജെ.പി നേതൃത്വം ചർച്ച നടത്തിയതായി അറിയുന്നു. അത് പോലെ ബി.ജെ.പി വിമതനായി വഗോഡിയ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ധർമ്മേന്ദ്ര സിംഗ് വഗേലയും ബി.ജെ.പിയിൽ ചേരാനൊരുങ്ങുകയാണ്. ബയാദ്, ധനേര മണ്ഡലങ്ങളിലെ സ്വതന്ത്ര എം.എൽ.എ മാരും ബി.ജെ.പിയിൽ ചേർന്നേക്കും.