
ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിലെ
കുറ്റവാളി കുടുംബാംഗമാണെങ്കിൽ പോലും റിപ്പോർട്ട് ചെയ്യാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. പോക്സോ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കണം. യൂണിസെഫുമായി ചേർന്ന് ജുവൈനൽ ജസ്റ്റിസുമായി ബന്ധപ്പെട്ട സുപ്രീംകോടതി കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന കൺസൾട്ടേഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നാണക്കേട്, കുടുംബബന്ധം തുടങ്ങിയവ സംബന്ധിച്ച സങ്കല്പങ്ങളിൽ നിന്നുണ്ടാകുന്ന നിശബ്ദത കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും കുടുംബങ്ങളെ പിന്തിരിപ്പിക്കുന്നുണ്ട്. പൊലീസ് അന്വേഷണം സംബന്ധിച്ച നടപടികളിലെ കാലതാമസവുമുണ്ട്. സ്കൂളുകൾ, പൊലീസ് പാഠ്യപദ്ധതി, ജുഡിഷ്യൽ അക്കാഡമികൾ എന്നിവ കലോചിതമായി വികസിപ്പിക്കണം. ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകൾ പരിഹരിക്കാൻ എക്സിക്യൂട്ടീവ് ജുഡിഷ്യറിയുമായി കൈകോർക്കണം.