
ന്യൂഡൽഹി: ഏലം വിലയിടിവിലും സർക്കാർ പിന്തുണ നൽകാത്തതിലും പ്രതിഷേധിച്ച് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് സ്‌പൈസസ് ബോർഡ് മെമ്പർ സ്ഥാനം രാജിവച്ചു. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സ്‌പൈസസ് ബോർഡ് വഴിയാതൊരുവിധ ആനുകൂല്യങ്ങളും കർഷകർക്ക് നൽകുന്നില്ലെന്ന് എം.പി പറഞ്ഞു. യു.പി.എ സർക്കാർ കർഷകർക്ക് നല്കിയ ആനുകൂല്യങ്ങളും,സബ്സിഡികളും 2014 മുതൽ നിർത്തലാക്കി. അംഗമായി തുടരുന്നതിൽ അർത്ഥമില്ലെന്ന് പാർലമെന്റിൽ പ്രഖ്യാപിച്ചതിനുശേഷം ബോർഡ് സെക്രട്ടറിക്ക് രാജി കത്ത് അയയ്‌ക്കുകയായിരുന്നു അദ്ദേഹം. ബോർഡിന്റെ കാലാവധി പൂർത്തിയായതിനാൽ പുതിയ അംഗങ്ങളെ പുനർ നിർണയിക്കേണ്ട സമയമാണിത്. എം.പി എന്ന നിലയിൽ വീണ്ടും ബോർഡിൽ വരുമെന്ന് ഉറപ്പാണ്. കർഷകരെ സഹായിക്കാത്ത ബോർഡിൽ അംഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നും ഡീൻ കുര്യാക്കോസ് കത്തിൽ വ്യക്തമാക്കി.