modi

ന്യൂഡൽഹി: ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയും കേന്ദ്രമന്ത്രിമാരും ബി.ജെ.പി മുഖ്യമന്ത്രിമാരും പാർട്ടി ദേശീയ നേതാക്കളും 200 സന്യാസിവര്യന്മാരും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിനായി മൂന്ന് വേദികളാണ് സ്ഥാപിച്ചത്. ഗവർണർ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. ഗുജറാത്തി ഭാഷയിൽ സത്യവാചകം ചൊല്ലിയാണ് ഗുജറാത്തിന്റെ 18-ാമത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ അധികാരമേറ്റത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിപദത്തി​ലെത്തുന്നത്.

ഗാന്ധിനഗറിലെ ഹെലിപാഡ് മൈതാനിയിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഭൂപേന്ദ്ര പട്ടേലിനൊപ്പം ഒരു വനിതയടക്കം 16 പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ ബി.ജെ.പി തുടർച്ചയായ ഏഴാം തവണയാണ് ഗുജറാത്തിൽ അധികാരത്തിലെത്തുന്നത്. കഴിഞ്ഞ വർഷം സെപ്തംബർ 13 നാണ് ആദ്യമായി ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം വൈകുന്നേരം മുഖ്യമന്ത്രി ദാദാ ഭഗവാൻ ക്ഷേത്രത്തിൽ ദർശനം നടത്തി.

ഗുജറാത്തിനെ പുരോഗതിയുടെ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന ഊർജ്ജസ്വലരായ ടീമാണിതെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

17 അംഗ മന്ത്രിസഭയിൽ

ഏഴ് പേർ പിന്നാക്കവിഭാഗക്കാർ

ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പട്ടേൽ മന്ത്രിസഭയിലെ 17 പേരിൽ ഏഴ് പേർ ഒ.ബി.സി വിഭാഗത്തിലുള്ളവരാണ്. നാല് പേർ പട്ടീദാർ വിഭാഗത്തിലും രണ്ട് പേർ പട്ടിക വർഗ്ഗ വിഭാഗത്തിലും പട്ടികജാതി, ജൈന, രജപുത്ര, ബ്രാഹ്മണ സമുദായങ്ങളിൽ നിന്നും ഓരോന്ന് വീതവുമടങ്ങുന്നതാണ് ഭൂപേന്ദ്ര പട്ടേൽ മന്ത്രിസഭ. ഏഴ് പേർ ക്യാബിനറ്റ് മന്ത്രിമാരും രണ്ട് പേർ സ്വതന്ത്ര ചുമതലയുള്ളവരും ആറ് പേർ സഹമന്ത്രിമാരുമാണ്. പഴയ മന്ത്രിസഭയിലെ 11 പേർ പുതിയ മന്ത്രിസഭയിലും അംഗങ്ങളാണ്.

കൂറ്റൻ നഗരിയിൽ

3 വേദികൾ

സത്യപ്രതിജ്ഞ നടന്ന ഗാന്ധിനഗറിലെ ഹെലിപാഡ് ഗ്രൗണ്ടിൽ മൂന്ന് വേദികളിലായാണ് സത്യപ്രതിജ്ഞയും ചടങ്ങിൽ പങ്കെടുക്കാൻ വന്ന അതിഥികൾക്ക് ഇരിപ്പിടവും ഒരുക്കിയത്. മദ്ധ്യത്തിലുള്ള വേദി മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ അംഗങ്ങൾക്കും വേണ്ടിയുള്ളതായിരുന്നു. പ്രധാന വേദിയുടെ വലത് വശത്ത് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ദേശീയ നേതാക്കൾക്കുമുള്ള വേദിയായിരുന്നു. ഇടത് വശത്തെ വേദിയിൽ സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളിലെ 200 സന്യാസികൾക്കും ഇരിപ്പിടമൊരുക്കി.