
ന്യൂഡൽഹി:നിർബന്ധിത മതപരിവർത്തനത്തിനെതിരെ ബി.ജെ.പി നേതാവ് അശ്വനി
കുമാർ ഉപാദ്ധ്യായ നൽകിയ ഹർജിയിലെ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് സുപ്രീം കോടതി. ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് പി ദത്താറിനോട് ഹർജിയിലെ ഇത്തരം പരാമർശങ്ങൾ രേഖപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ജസ്റ്റിസ് എം.ആർ ഷാ, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകി.
ഹർജി പരിഗണിക്കവെ, ക്രൈസ്തവ സംഘടനകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് ഹർജിയിൽ മറ്റ് മതങ്ങൾക്കെതിരെ അങ്ങേയറ്റം മോശമായ പരാമർശങ്ങളുണ്ടെന്ന കാര്യം പറഞ്ഞത്. മറ്റ് മത വിഭാഗങ്ങളിൽപ്പെട്ടവർ
മാനഭംഗങ്ങളും കൊലപാതകങ്ങളും നടത്തുന്നതായാണ് ഹർജിയിലെ ആരോപണം. ഹർജിയോടൊപ്പം നൽകിയ സത്യവാങ്ങ്മൂലത്തിൽ രാജ്യത്തെ ന്യൂനപക്ഷങ്ങളെ അങ്കലാപ്പിലാക്കുന്ന കാര്യങ്ങളുണ്ടെന്നും ദുഷ്യന്ത് ദവെ പറഞ്ഞു.. മറ്റ് മതങ്ങൾക്കെതിരായ മോശം പരാമർശങ്ങളെല്ലാം നീക്കം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു.
ഹർജിയിൽ കക്ഷി ചേർക്കണമെന്ന ക്രൈസ്തവ സംഘടനകളുടെ ആവശ്യം
പരിഗണിക്കാമെന്ന് ജസ്റ്റിസ് എം.ആർ ഷാ വ്യക്തമാക്കി. നിർബ്ബന്ധിത മതപരിവർത്തനം ഗൗരവമായ വിഷയമാണെന്ന് ജസ്റ്റിസ് എം.ആർ ഷായും ജസ്റ്റിസ് സി.ടി രവികുമാറും അടങ്ങുന്ന ബെഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു.