du

ന്യൂഡൽഹി: ഡൽഹി സർവകലാശാലയ്‌ക്ക് കീഴിൽ തുടങ്ങാനിരിക്കുന്ന കോളേജുകൾക്കും സെന്ററുകൾക്കും വീർ സവർക്കർ, സ്വാമി വിവേകാനന്ദൻ, സർദാർ പട്ടേൽ, അന്തരിച്ച മുൻ കേന്ദമന്ത്രി സുഷമ സ്വരാജ് എന്നിവരുടെ പേരുകൾ നൽകാൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗീകാരം നൽകിയതായി കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അറിയിച്ചു. ആഗസ്റ്റിൽ ചേർന്ന അക്കാഡമിക് കൗൺസിലാണ് തീരുമാനമെടുത്തത്.

ഇതുസംബന്ധിച്ച വാർത്തകളെ അടിസ്ഥാനമാക്കി കൊടിക്കുന്നിൽ സുരേഷ് എം.പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാഷ് സർക്കാരാണ് പാർലമെന്റിൽ രേഖാമൂലം മറുപടി നൽകിയത്. ഡൽഹി സർവകലാശാല പാർലമെന്റ് നിയമ പ്രകാരം രൂപീകരിച്ച സ്വാശ്രയ സ്ഥാപനം ആണെന്നും യൂണിവേഴ്സിറ്റി കോർട്ട്, എക്സിക്യൂട്ടിവ് കൗൺസിൽ, അക്കാഡമിക്ക് കൗൺസിൽ എന്നിവയുടെ അംഗീകാരത്തോടെ അക്കാഡമികവും ഭരണപരവും ആയ തീരുമാനങ്ങൾ എടുക്കാൻ അധികാരമുണ്ടെന്നും മന്ത്രി അറിയിച്ചു.

അടൽ ബിഹാരി വാജ്പേയി, സാവിത്രി ബായ് ഫൂലെ, അരുൺ ജെയ്റ്റ്ലി, ചൗധരി ബ്രഹ്മ പ്രകാശ്, സി .ഡി ദേശ്‌മുഖ്, പ്രൊഫ. അമർത്യ സെൻ തുടങ്ങിയവരുടെ പേരുകൾ നൽകാനും നിർദ്ദേശമുണ്ടെന്നും അന്തിമ തീരുമാനം വൈസ് ചാൻസലർ എടുക്കുമെന്നും മന്ത്രി അറിയിച്ചു. പേരിടലുമായി ബന്ധപ്പെട്ട് ഡൽഹി സർവകലാശാലയിൽ യാതൊരു പ്രതിഷേധവും നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.