
ന്യൂഡൽഹി: രാജ്യത്തെ സൈനിക സ്‌കൂളുകൾ സ്വകാര്യവത്‌ക്കരിക്കാൻ തീരുമാനിച്ചതായി പ്രതിരോധകാര്യ സഹമന്ത്രി അജയ് ഭട്ട് രാജ്യസഭയിൽ ഡോ. വി. ശിവദാസൻ എം.പിക്ക് രേഖാമൂലം നൽകിയ മറുപടിയിൽ സ്ഥിരീകരണം. സന്നദ്ധ സംഘടനകൾ, സ്വകാര്യസ്കൂളുകൾ തുടങ്ങിയവയുമായി ചേർന്ന് സ്വകാര്യ പങ്കാളിത്ത രീതിയിൽ സ്‌കൂളുകൾ തുടങ്ങാനാണ് തീരുമാനം. ഇതുപ്രകാരമുള്ള 17 പുതിയ സൈനിക് സ്‌കൂളുകൾ തുടങ്ങാനുള്ള ധാരണാപത്രം സൈനിക് സ്കൂൾ സൊസൈറ്റി ഒപ്പിട്ടതായി മന്ത്രി അറിയിച്ചു.
സൈനിക സ്‌കൂളുകൾക്ക് പ്രതിരോധ മന്ത്രാലയം അനുവദിക്കുന്ന തുക വെട്ടിക്കുറച്ചതായും മന്ത്രി വെളിപ്പെടുത്തി. 2020-21ൽ 302 കോടിയായിരുന്നത് 2021 -22 ൽ 119 കോടിയായി കുറഞ്ഞു. തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂൾ അടക്കമുള്ളവയുടെ പ്രവർത്തനത്തെ ഫണ്ടിന്റെ അഭാവം ബാധിക്കുന്നതിനിടെയാണ് വെളിപ്പെടുത്തൽ.