
ന്യൂഡൽഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൂന്നിൽ ഒന്ന് ഒഴിവുകളിലും നിലവിൽ അദ്ധ്യാപകരില്ലെന്ന് കേന്ദ്ര സർക്കാർ വെളിപ്പെടുത്തി. കേന്ദ്ര സർവ്വകലാശാലകളിൽ 33ശതമാനവും ഐ.ഐ.ടി.കളിൽ 40ശതമാനവും ഐ.ഐ.എമ്മുകളിൽ 31 ശതമാനവും അദ്ധ്യാപക തസ്‌തികകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോക്‌സഭയിൽ എ.എം.ആരിഫ് എം.പിയെ അറിയിച്ചു. കേന്ദ്രസർവ്വകലാശാലകളിലെ നികത്തപ്പെടാത്ത ഒഴിവുകളിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ 42 ശതമാനവും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ 45ശതമാനവും തസ്‌തികകൾ ഉൾപ്പെടും. പൊതുവിഭാഗത്തിൽ 21 ശതമാനമാണ് ഒഴിവുകൾ.
2022 ഡിസംബർ ഒന്നുവരെയുള്ള കണക്കുപ്രകാരം 45 കേന്ദ്ര സർവ്വകലാശാലകളിലെ 18956 തസ്തികകളിൽ 6180ഉം ഒഴിഞ്ഞു കിടക്കുകയാണ്. പ്രൊഫസർ തസ്തികകളിൽ 2553ൽ 1529(60%) എണ്ണത്തിലും ആളില്ല. അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് തസ്തികകളിൽ യഥാക്രമം 45ശതമാനം, 21ശതമാനം വീതവും ഒഴിവുണ്ട്.
ഐ.ഐ.ടി.കളിലെ വിവിധ സംവരണവിഭാഗങ്ങളുടെ വേർതിരിച്ചുള്ള കണക്കുകൾ സർക്കാർ നൽകിയില്ല. ഐ.ഐ.ടി.കളിൽ മറ്റിടങ്ങളിലേതിനേക്കാൾ മോശമാണെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നുവെന്ന് എ.എം.ആരിഫ് എം. പി പ്രതികരിച്ചു.