note

ന്യൂഡൽഹി: കറൻസി നോട്ടുകളിൽ ദൈവങ്ങളുടെ ചിത്രങ്ങൾ പതിക്കുന്നതും മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റുന്നതും ആലോചനയിൽ ഇല്ലെന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ അറിയിച്ചു. അതേസമയം ലക്ഷ്മീദേവി, ഗണപതി തുടങ്ങിയ ദൈവങ്ങളുടെയും സ്വാതന്ത്ര്യ സമര സേനാനികൾ അടക്കം പ്രമുഖ വ്യക്തികളുടെയും മൃഗങ്ങളുടെയും ചിത്രങ്ങൾ പതിക്കാൻ നിരവധി അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരി ആന്റോ ആന്റണി എം.പിയുടെ ചോദ്യത്തിന് മറുപടി നൽകി.

1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമ പ്രകാരം ബാങ്ക് നോട്ടുകളുടെ ആകൃതി, രൂപകല്പന, നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്‌‌തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഡയറക്‌ടർ ബോർഡിന്റെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിക്കാറുണ്ട്. എന്നാൽ നിലവിലെ നോട്ടുകളുടെ രൂപകല്പനയിൽ മാറ്റം വരുത്തുന്നില്ലെന്ന് ജൂൺ ആറിന്റെ പത്രക്കുറിപ്പിൽ ആർ.ബി.ഐ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കറൻസി നോട്ടിൽ ലക്ഷ്‌മീ ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ പതിച്ചാൽ നാട്ടിൽ അഭിവൃദ്ധിയുണ്ടാകുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആംആദ്‌മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ നേരത്തെ പറഞ്ഞിരുന്നു.