raja

ന്യൂഡൽഹി: ഭരണഘടനയെ രക്ഷിക്കണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കണമെന്ന് പറഞ്ഞ കോൺഗ്രസ് നേതാവും മദ്ധ്യപ്രദേശ് മുൻ മന്ത്രിയുമായ രാജാ പടേരിയയുടെ പ്രസംഗം വിവാദത്തിൽ. സംഭവം വിവാദമായതോടെ തോൽപ്പിക്കണമെന്നാണ് താൻ ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. പട്ടേരിയെ അറസ്റ്റ് ചെയ്യണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. അദ്ദേഹത്തിനെതിരെ നിയമനടപടിയെടുക്കാൻ മദ്ധ്യപ്രദേശ് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

പന്ന ജില്ലയിലെ പവായിൽ പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദിയെ വിമർശിക്കുന്നതിനിടെയാണ് വിവാദ വാക്കുപയോഗിച്ചത്. ദളിതുകളുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതം അപകടത്തിലാണെന്നും ഭരണഘടനയെ രക്ഷിക്കണമെങ്കിൽ മോദിയെ കൊല്ലണമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെ 'കൊലപാതകം" എന്ന വാക്കിലൂടെ താൻ തോൽവിയാണ് ഉദ്യേശിച്ചതെന്നും മഹാത്മാഗാന്ധിയുടെ അഹിംസയുടെ പ്രത്യയശാസ്ത്രമാണ് താൻ പിന്തുടരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഭാരത് ജോഡോ യാത്ര നടത്തുന്നവരുടെ യഥാർത്ഥ മുഖം പുറത്തുവന്നുവെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് ചൗഹാൻപറഞ്ഞു. ഇത് അമിതമായ വിദ്വേഷമാണ്. കോൺഗ്രസിന്റെ യഥാർത്ഥ വികാരം വെളിപ്പെട്ടു. ഇത്തരം കാര്യങ്ങൾ വച്ചുപൊറുപ്പിക്കില്ല. കേസെടുക്കും. പ്രധാനമന്ത്രിക്കെതിരായ രാജ പടേരിയയുടെ പരാമർശം മാപ്പർഹിക്കാത്ത കുറ്റമാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും പറഞ്ഞു.