usha

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) പ്രസിഡന്റാകുന്ന ആദ്യ വനിതയും ഒളിമ്പ്യനുമായ പി.ടി. ഉഷയെ അഭിനന്ദിച്ച് രാജ്യസഭ. ഉഷയുടെ സംഭാവനകൾ പ്രചോദനം നൽകുന്നവയാണെന്ന് ഇന്നലെ രാവിലെ സഭ സമ്മേളിച്ചയുടൻ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകർ പറഞ്ഞു. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായ ഉഷ ശനിയാഴ്ച ഐ.ഒ.എ അദ്ധ്യക്ഷയായി ചുമതലയേറ്റിരുന്നു.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റാകുന്ന ആദ്യ വനിതയും ഒളിമ്പ്യനുമായ ഉഷ ആമുഖം ആവശ്യമില്ലാത്ത വ്യക്തിയാണെന്ന് ധൻകർ ചൂണ്ടിക്കാട്ടി. സഭയിലെ വിശിഷ്ട അംഗമായ പി.ടിയെ അഭിനന്ദിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു.

കായിക രംഗത്തെ നേട്ടങ്ങൾ ധൻകർ വിശദീകരിച്ചു. കായിക മേഖലയുടെ സുസ്‌ഥിര വികസനത്തിനും രാജ്യത്തിന്റെ സൗഹാർദ്ദ അന്തരീക്ഷത്തിനും ഉഷയുടെ സംഭാവനകൾ കാരണമാകുന്നുവെന്നും പറഞ്ഞു. കായിക ഇനങ്ങളെയും കായിക വിദ്യാഭ്യാസത്തെയും പ്രോത്സാഹിപ്പിക്കുന്നു. ഉഷ രാജ്യത്തിന് എന്നും പ്രചോദനമാണെന്നും ഉപരാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.