china

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ് സെക്‌ടറിൽ ഈമാസം 9ന് യഥാർത്ഥ നിയന്ത്രണ രേഖ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച ചൈനീസ് പട്ടാളക്കാരെ ഇന്ത്യൻ സൈനികർ തുരത്തി. ഏറ്റുമുട്ടലിൽ ഇരുഭാഗത്തും ഏതാനും പേർക്ക് നിസ്സാര പരിക്കേറ്റു. ചൈനീസ് ഭാഗത്താണ് കൂടുതൽ പരിക്കെന്നും അറിയുന്നു. സമാധാനം നിലനിറുത്താൻ ഇരുഭാഗത്തെയും കമാൻഡർമാർ ഫ്ളാഗ് മീറ്റിംഗ് നടത്തി.

മുന്നൂറോളം ചൈനീസ് സൈനികരാണ് കടന്നുകയറാൻ ശ്രമിച്ചത്. ഇത് ഇന്ത്യൻ സൈനികർ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. അടികൊണ്ട് ചൈനീസ് സേന പിൻവാങ്ങിയതോടെ സംഘർഷം അവസാനിച്ചു.

ചൈനയുടെ കണ്ണുള്ള പ്രദേശമായതിനാൽ ഇന്ത്യ ഇവിടെ പട്രോളിംഗ് ശക്തിപ്പെടുത്തിയിരുന്നു. അപ്രതീക്ഷിത നീക്കത്തിലൂടെ കടന്നുകയറാനായിരുന്നു ശ്രമം.

2020 ജൂണിൽ ഗാൽവൻ താഴ്‌വരയിൽ നടന്ന ഏറ്റുമുട്ടലിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ സംഭവമാണിത്. അന്ന് 20 ഇന്ത്യൻ സൈനികരും 40ൽ അധികം ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു. എന്നാൽ തങ്ങളുടെ എത്ര സൈനികരാണ് കൊല്ലപ്പെട്ടതെന്ന വിവരം ചൈന മറച്ചുവച്ചു.

ഈ സംഭവത്തോടെ നയതന്ത്ര ബന്ധം വഷളാകുകയും ഇരു രാജ്യങ്ങളും വൻതോതിൽ സേനാ വിന്യാസം നടത്തുകയും ചെയ്തിരുന്നു. സൈനിക, നയതന്ത്ര ചർച്ചകളിലൂടെ നഷ്‌ടമായ ബന്ധം വീണ്ടെടുക്കാൻ ശ്രമിക്കവേയാണ് പുതിയ സംഭവ വികാസം.


തവാങ് സെക്‌ടർ

* ബുദ്ധ മത വിശ്വാസികളുടെ സ്ഥലം. ഇവിടെ നിന്നുള്ളവർക്ക് ചൈന പാസ്‌പോർട്ടില്ലാതെ പ്രവേശനം അനുവദിക്കാറുണ്ട്

*2006മുതൽ തവാങിനു വേണ്ടി ചൈന അവകാശവാദം ഉന്നയിക്കുന്നു. നിയന്ത്രണ രേഖയെ അവർ അംഗീകരിക്കുന്നുമില്ല