
ന്യൂഡൽഹി: കൊച്ചി ഫാക്ട് ജീവനക്കാരുടെ ശമ്പള പരിഷ്കരണ പാക്കേജിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം. രാസവള മന്ത്രി മൻസൂഖ് മാണ്ഡവ്യ തൊഴിലാളി നേതാക്കളുടെ സാന്നിദ്ധ്യത്തിൽ പാക്കേജിൽ ഒപ്പുവച്ചു. കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഇടപെടലിനെ തുടർന്നാണ് ദീർഘകാലമായുള്ള ജീവനക്കാരുടെ ആവശ്യം അംഗീകരിക്കപ്പെട്ടത്.
വേതനം വർദ്ധിപ്പിക്കാൻ 2016ൽ ധാരണയായെങ്കിലും പാക്കേജിന് അംഗീകാരം നൽകാത്ത മാനേജ്‌മെന്റ് സമീപനത്തിനെതിരെ തൊഴിലാളി സംഘടനകൾ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് മൻസൂഖ് മാണ്ഡവ്യയുടെ നിർദ്ദേശ പ്രകാരം കൊച്ചി ഫാക്ട് സന്ദർശിച്ച കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ ജീവനക്കാരുമായി ചർച്ച നടത്തി റിപ്പോർട്ട് നൽകുകയായിരുന്നു.
ആയിരത്തി എഴുന്നൂറോളം ജീവനക്കാരാണ് സാമ്പത്തിക പുനരുദ്ധാരണ പാക്കേജിന്റെ ഗുണഭോക്താക്കൾ. കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുക പ്രധാനമന്ത്രിയുടെ നയമാണെന്നും ജീവനക്കാർക്ക് നൽകിയ വാക്ക് പാലിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വി.മുരളീധരൻ പ്രതികരിച്ചു. ബി.എം.എസ് പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലായിരുന്നു പാക്കേജിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്.