
ന്യൂഡൽഹി:കേരളത്തിലെ സർവ്വകലാശാലകളിൽ ഭരണഘടനാ വിരുദ്ധമായി വൈസ് ചാൻസലർമാരെ നിയമിച്ചതിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും യു.ജി.സിയും അടിയന്തരമായി ഇടപെടണമെന്ന് ബി.ജെ.പി എം. പിയും കേരളത്തിന്റെ സഹപ്രഭാരിയുമായ ഡോ. രാധാമോഹൻ ദാസ് അഗർവാൾ രാജ്യസഭയിൽ ആവശ്യപ്പെട്ടു. അദ്ദേഹം പിന്നീട് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ കണ്ടും വിഷയം ചർച്ച ചെയ്‌തു.
ഉന്നതവിദ്യാഭ്യാസ കാര്യങ്ങളിൽ നിയമങ്ങൾ രൂപീകരിക്കാനും നിയന്ത്രിക്കാനും നടപടിയെടുക്കാനും യു.ജി.സിക്കാണ് അധികാരമെന്ന് ഡോ.അഗർവാൾ പറഞ്ഞു. സംസ്ഥാന സർവ്വകലാശാലകൾ യു.ജി.സി നിയമ പ്രകാരമാണ് പ്രവർത്തിക്കേണ്ടത്. ഇതിൽ സംസ്ഥാന സർക്കാരിനും സ്ഥാനമില്ല.
വി.സിമാരെ നിയമിക്കേണ്ട സെർച്ച് കമ്മിറ്റിയിൽ അക്കാഡമിക് ഇതര അംഗങ്ങൾ പാടില്ലെന്ന നിർദ്ദേശം കേരളത്തിൽ ലംഘിക്കപ്പെട്ടു. കേരളത്തിലെ വിസി നിയമനത്തിന് സെർച്ച് കമ്മിറ്റികൾ ഒറ്റ പേര് നൽകിയത് ഭരണഘടനാ വിരുദ്ധമാണ്.
സാങ്കേതിക സർവകലാശാല, കുഫോസ് വി.സിമാരുടെ നിയമനം കോടതികൾ റദ്ദാക്കിയെന്നും ബാക്കിയുള്ളവരുടെ കാര്യത്തിൽ നടപടിയെടുക്കാൻ യു.ജി.സിയെ ചുമതലപ്പെടുത്തണമെന്നും അഗർവാൾ മന്ത്രി ധർമ്മേന്ദ്ര പ്രധാനോട് ആവശ്യപ്പെട്ടു.